ബാങ്കോക്ക്: കിങ്സ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ സെമിഫൈനലിൽ പൊരുതിത്തോറ്റ് ഇന്ത്യ. പെനാൽറ്റി ഷൂട്ടൗട്ടിൽ ഇന്ത്യയെ 5-4 നാണ് ഇറാഖ് കീഴടക്കിയത്.ആവേശകരമായ സെമിഫൈനലിൽ ഇരുടീമുകളും നിശ്ചിത സമയത്ത് 2-2 ന് സമനില പാലിച്ചതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
പെനാൽറ്റി ഷൂട്ടൗട്ടിൽ ഇന്ത്യയുടെ ബ്രാൻഡൺ ഫെർണാണ്ടസിന്റെ കിക്ക് പോസ്റ്റിലിടിച്ചുതെറിച്ചതോടെ ഇന്ത്യ കീഴടങ്ങുകയായിരുന്നു. ഇന്ത്യയ്‌ക്ക് വേണ്ടി സന്ദേശ് ജിംഗാൻ, സുരേഷ് വാങ്ചം, അൻവർ അലി, റഹീം അലി എന്നിവർ വലകുലുക്കി. ആദ്യ കിക്ക് ബ്രാൻഡണാണ് എടുത്തത്. ഇറാഖ് അഞ്ചുകിക്കുകളും വലയിലാക്കി ഫൈനിലേക്ക് മുന്നേറി.
ഇറാഖിന് വേണ്ടി മെർക്കാസ് ഡോസ്‌കി, അലി അദിനാൻ, ഹുസൈൻ അലി, അമീൻ അൽ ഹമാവി, ബാഷർ റസാൻ എന്നിവർ വലകുലുക്കി. നിശ്ചിത സമയത്ത് രണ്ട് തവണ ലീഡ് നേടിയശേഷമാണ് ഇന്ത്യ സമനിലയിൽ കുരുങ്ങിയത്. 17-ാം മിനിറ്റിൽ മഹേഷ് സിങ് നയോറത്തിലൂടെ ഇന്ത്യയാണ് മത്സരത്തിൽ ലീഡെടുത്തത്. 28-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് അലി അൽ ഹമാദി ഇറാഖിന് സമനില ഗോൾ നൽകി. സന്ദേശ് ജിംഗാൻ ബോക്സിനുള്ളിൽ വെച്ച് നടത്തിയ ഫൗളാണ് പെനാൽറ്റിയ്‌ക്ക് കാരണമായത്.
രണ്ടാം പകുതിയിൽ 51-ാം മിനിറ്റിൽ ഇറാഖ് ഗോൾ കീപ്പർ ജലാൽ ഹസ്സൻ വഴങ്ങിയ സെൽഫ് ഗോളിലൂടെ ഇന്ത്യ ലീഡുയർത്തി. മൻവീർ സിംഗിന്റെ ക്രോസ് ജലാലിന്റെ പിഴവിലൂടെ ഗോളായി മാറുകയായിരുന്നു. ഇതോടെ ഇന്ത്യൻ ക്യാമ്പിൽ പ്രതീക്ഷ പരന്നു. എന്നാൽ 80-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് അയ്മൻ ഹുസൈൻ ഇറാഖിന് സമനില സമ്മാനിച്ചു. റഫറിമാർ ഇറാഖിന് രണ്ട് പെനാൽറ്റികൾ അനുവദിച്ചിരുന്നു. ഇതിൽ രണ്ടാമത്തെ പെനാൽറ്റി തെറ്റായി നൽകുകയായിരുന്നു.
ലോകറാങ്കിംഗിൽ ഏറെ മുന്നിലുള്ള ഇറാഖിനെതിരേ മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. സൂപ്പർ താരം സുനിൽ ഛേത്രിയില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. മലയാളി താരങ്ങളായ ആഷിഖ് കുരുണിയൻ, സഹൽ അബ്ദുൾ സമദ്, രാഹുൽ കെ.പി എന്നിവരും ഇന്ത്യയ്‌ക്കായി കളത്തിലിറങ്ങി. തായ്ലൻഡ്-ലെബനൻ സെമി ഫൈനൽ മത്സരത്തിലെ വിജയിയെയാണ് ഫൈനലിൽ ഇറാഖ് നേരിടുക.
















Comments