ന്യൂഡൽഹി : റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ ഭാരതം സ്വീകരിച്ച നയതന്ത്ര നിലപാടിനെ പ്രശംസിച്ച് മുൻ പ്രധാനമന്ത്രി മൻ മോഹൻ സിംഗ്. ഡൽഹിയിൽ നടക്കുന്ന ജി -20 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മൻ മോഹൻ സിംഗ്, നരേന്ദ്രമോദിയുടെ വിദേശ നയത്തെ പ്രശംസിച്ചത്.
റഷ്യയുമായും പാശ്ചാത്യ രാജ്യങ്ങളുമായും ഉള്ള ബന്ധം ന്യൂഡൽഹി എത്രത്തോളം സമർത്ഥമായി കൈകാര്യം ചെയ്തു എന്ന ചോദ്യത്തിനുള്ള മറുപടിയായി, ” രണ്ടോ അതിലധികമോ ശക്തികൾ ഒരു സംഘട്ടനത്തിൽ അകപ്പെടുമ്പോൾ, ഏതു ഭാഗം എന്ന് തിരഞ്ഞെടുക്കാൻ മറ്റ് രാജ്യങ്ങളുടെ മേൽ വലിയ സമ്മർദ്ദം ഉണ്ടാകും. സമാധാനത്തിന് വേണ്ടി അഭ്യർത്ഥിക്കുന്നതോടൊപ്പം നമ്മുടെ പരമാധികാരവും സാമ്പത്തികവുമായ താൽപ്പര്യങ്ങൾക്ക് പ്രഥമ സ്ഥാനം നൽകുന്നരീതിയിൽ ഇന്ത്യ ശരിയായ കാര്യം ചെയ്തുവെന്ന് ഞാൻ വിശ്വസിക്കുന്നു. “ എന്നാണ് മൻ മോഹൻ സിംഗ് പറഞ്ഞത്.
സെപ്തംബർ 9 മുതൽ 10 വരെ നടക്കുന്ന ജി 20 ഉച്ചകോടിക്കായി ലോക നേതാക്കൾ ഡൽഹിയിൽ എത്തിയ സാഹചര്യത്തിലാണ് മൻമോഹൻ സിംഗിന്റെ പരാമർശം പ്രാധാന്യമർഹിക്കുന്നത് . 2022 ഫെബ്രുവരി മുതൽ തുടരുന്ന റഷ്യ-യുക്രെയ്ൻ യുദ്ധത്തെ ക്കുറിച്ചുള്ള ചർച്ചകൾ ഉച്ചകോടിയിൽ നടന്നേക്കുമെന്നു പ്രതീക്ഷിക്കുന്നു.
ജി20 ഉച്ചകോടി ഒഴിവാക്കാനുള്ള ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ തീരുമാനത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കേണ്ടതില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് തീരുമാനിച്ചത് നിർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു, ഇന്ത്യയുടെ പ്രാദേശികവും പരമാധികാരവുമായ അഖണ്ഡത സംരക്ഷിക്കുന്നതിനും ഉഭയകക്ഷി സംഘർഷങ്ങൾ ഇല്ലാതാക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും പ്രധാനമന്ത്രി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുമ്പോൾ, രാജ്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ഭാരതത്തിന്റെ ഭാവിയെക്കുറിച്ചുമുള്ള ആശങ്കയേക്കാൾ ശുഭാപ്തിവിശ്വാസം തനിക്കുണ്ടെന്ന് 90 കാരനായ മുൻ പ്രധാനമന്ത്രി പറഞ്ഞു.
“മൊത്തത്തിൽ, ഭാരതത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കയേക്കാൾ കൂടുതൽ ശുഭാപ്തിവിശ്വാസം എനിക്കുണ്ട്. എന്നിരുന്നാലും, എന്റെ ശുഭാപ്തിവിശ്വാസം ഇന്ത്യ ഒരു യോജിപ്പുള്ള സമൂഹമാണ്, അത് എല്ലാ പുരോഗതിക്കും വികസനത്തിനും അടിത്തറയാണ്. ഇന്ത്യയുടെ സഹജാവബോധം വൈവിധ്യത്തെ സ്വാഗതം ചെയ്യുകയും ആഘോഷിക്കുകയും ചെയ്യുക എന്നതാണ്. “ അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയായിരിക്കെ ഇസ്രോ നടത്തിയ ആദ്യ ചാന്ദ്ര ദൗത്യത്തെ അനുസ്മരിച്ച സിംഗ്, ഇന്ത്യൻ ബഹിരാകാശ ഏജൻസിയുടെ മൂന്നാമത്തെ ദൗത്യം വിജയകരമായി ചന്ദ്രനിലിറങ്ങിയതിനെ അഭിനന്ദിച്ചു.
“2008-ൽ വിക്ഷേപിച്ച ചന്ദ്രയാൻ ദൗത്യം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ആദ്യമായി എത്തിയതിലൂടെ പുതിയ ഉയരങ്ങളിൽ എത്തിയതിൽ ഞാൻ ശരിക്കും ത്രില്ലിലാണ്. ഐഎസ്ആർഒയിലെ എല്ലാ ഉദ്യോഗസ്ഥർക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ,” അദ്ദേഹം കൂട്ടിച്ചേർത്തു.
















Comments