തിരുവനന്തപുരം: കെഎസ്ആർടിസി ബസ്സിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. കാട്ടാക്കടയിൽ ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. തമ്പാനൂരിൽ നിന്നും കാട്ടാക്കടയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലാണ് യുവാവ് യുവതിയോട് അതിക്രമം കാണിച്ചത്. ഈ വിവരം യുവതി ഭർത്താവിനെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. തുടർന്ന് കാട്ടാക്കട സ്റ്റാൻഡിലെത്തിയ ഭർത്താവ് പ്രതിയെ പിടികൂടി പോലീസിലേൽപ്പിക്കുകയായിരുന്നു.
സംഭവത്തിൽ പ്രമോദ് എന്നയാളാണ് പോലീസ് പിടിയിലായത്. ഇയാൾ രണ്ട് പ്രവാശ്യം യുവതിയുടെ ദേഹത്ത് സ്പർശിച്ചു. ഇതിനെ തുടർന്ന് യുവതി ഇയാളോട് കയർത്ത് സംസാരിച്ചിരുന്നു. അതിന് ശേഷവും ഇയാൾ യുവതിയെ കടന്നു പിടിച്ചതോടെയാണ് ഭർത്താവിനെ വിളിച്ച് ഇവർ വിവരം അറിയിച്ചത്. തുടർന്ന് കാട്ടാക്കട സ്റ്റാന്റിൽ കാത്തു നിന്ന ഭർത്താവ് ബസ് എത്തിയപ്പോൾ പ്രതിയെ പിടികൂടുകയായിരുന്നു.
കെഎസ്ആർടിസി ജീവനക്കാരനാണ് എന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. യുവതി വിവരം അറിയിച്ചപ്പോൾ തന്നെ ഭർത്താവ് കാട്ടാക്കട പോലീസിൽ വിവരമറിയിച്ചിരുന്നു. തുടർന്നാണ് കാട്ടാക്കട പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്. എന്നാൽ ആക്രമണം നടന്നത് മലയിൻകീഴ് സ്റ്റേഷൻ പരിധിയിലായതിനാൽ പ്രതിയെ മലയിൻകീഴ് പോലീസിന് കൈമാറുമെന്ന് കാട്ടാക്കട പോലീസ് അറിയിച്ചു.
Comments