”പേടിക്കേണ്ട, ഞാൻ എന്തായാലും തിരിച്ചു വന്നിരിക്കും. അതിനി അവിടെ ത്രിവർണ്ണ പതാക പാറിച്ചിട്ടാണെങ്കിൽ അങ്ങനെ. അതല്ലെങ്കിൽ അതേ പതാകയിൽ പൊതിഞ്ഞാണെങ്കിൽ അങ്ങനെ. ഞാൻ വന്നിരിക്കും, തിരികെ..”
ഈ വാക്കുകൾ കേൾക്കുന്ന ഏതൊരു ഭാരതീയന്റെയും മനസിൽ തെളിയുന്ന സൂര്യതേജസ്സാർന്ന ഒരേയൊരു മുഖം, ക്യാപ്റ്റൻ വിക്രം ബത്രയുടേതാണ്. പരം വീർചക്ര ക്യാപ്റ്റൻ വിക്രം ബത്രയ്ക്ക് ഇന്ന് 49-ാം ജന്മദിനം. യുദ്ധമുഖത്തു നിന്നും ‘ദിൽ മാംഗേ മോർ’ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ ധീര യോദ്ധാവിന്റെ ജന്മദിനം ഓർക്കുകയാണ് ഇന്ന് രാജ്യം. 1999-ലെ ഒരു മഞ്ഞു കാലം. കനത്ത മൂടൽ മഞ്ഞാൽ ഉറച്ചു പോയ ഹിമാലയൻ മലനിരകൾ പാക് സൈനികർ കയ്യേറിയപ്പോൾ അത് തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിൽ വീരമൃത്യു വരിച്ചത് 527 ഇന്ത്യൻ സൈനികരാണ്. ഒരോ ഭാരതീയന്റെയും ഹൃദയത്തിൽ രാജ്യ സ്നേഹത്തിന്റെ ജ്വാലകൾ കൊളുത്തിയ വിക്രം ബത്രയുടെ കഥ.
ഹിമാചൽ പ്രദേശിലെ പാലംപൂരിലുള്ള ഘുഗ്ഗറിൽ അദ്ധ്യാപക ദമ്പതികളുടെ മകനായി ജനിച്ച ബത്രയ്‌ക്ക് ചെറു പ്രായത്തിൽ തന്നെ സൈനികനാവുക എന്നതായിരുന്നു ആഗ്രഹം. ആർമി കൻറോൺമെന്റിന് ഉള്ളിലായിരുന്നു അദ്ദേഹത്തിന്റെ സ്‌കൂൾ. ചെറുപ്പത്തിലേ സൈനികരെ കണ്ടു വളർന്ന വിക്രം ബത്രയുടെ ഉള്ളിൽ ദേശസ്‌നേഹം വളർന്നു. എങ്ങനെയും സൈനികനാകണം, രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതാഭിലാഷം. 1995-ൽ കോളേജ് പഠനകാലയളവിൽ തന്നെ ഹോങ്കോങ്ങിലെ ഒരു ഷിപ്പിംഗ് കമ്പനിയിൽ ഉയർന്ന ശമ്പളത്തിൽ മർച്ചന്റ് നേവി ഓഫിസറായി ബത്ര തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ രാജ്യത്തെ സേവിക്കുക എന്ന സ്വപ്നം പൂർത്തീകരിക്കാനായി അദ്ദേഹം ആ ജോലി വേണ്ടെന്നു വച്ചു.
കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷ സ്വപ്നം കണ്ട് പഞ്ചാബ് സർവകലാശാലയിലെ എംഎ കോഴ്സിന് വിക്രം ബത്ര ചേർന്നു. 1996-ൽ കംബൈൻഡ് ഡിഫൻസ് സർവീസ് പരീക്ഷ പാസായ 35 പേരിൽ ഒരാളായി ബത്ര മാറി. തുടർന്ന് ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ 19 മാസം നീണ്ട കഠിന പരിശീലനം. ഇതിനു ശേഷം ജമ്മു കശ്മീർ റൈഫിൾസിൽ ലഫ്റ്റനന്റായി ബത്ര സൈനിക ജീവിതത്തിന് തുടക്കമിട്ടു. ജമ്മു കശ്മീരിലെ സോപോറിലായിരുന്നു ആദ്യ പോസ്റ്റിംഗ്. 1999 ജൂൺ 19, ഒരു ഭാരതീയനും മറക്കാനാവാത്ത കാർഗിൽ യുദ്ധത്തിൽ പാക് സൈനികർ കൈയ്യടക്കിയ പീക്ക് 5140 എന്ന കൊടുമുടി തിരികെ പിടിക്കുന്നതിനിടെയായിരുന്നു അദ്ദേഹം വീര്യമൃത്യു വരിച്ചത്.
പോയിന്റ് 4875 പിടിച്ചെടുത്തപ്പോൾ പാകിസ്താൻ പ്രത്യാക്രമണങ്ങൾ തുടങ്ങി. പോയിന്റ് 4875-ൽ അദ്ദേഹം വീരോചിതമായി പോരാടി. ഒപ്പമുണ്ടായിരുന്ന സൈനികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പാക്ക് സൈനികരുടെ വെടിവെയ്പ്പിൽ അദ്ദേഹത്തിന് ഗുരുതരമായി പരുക്കേറ്റു. താമസിയാതെ അദ്ദേഹം വീരചരമമടഞ്ഞു. എന്നാൽ, അദ്ദേഹത്തിന്റെ ബറ്റാലിയൻ അംഗങ്ങൾ പോയിന്റ് 4875 കീഴടക്കി. പിന്നീട് ക്യാപ്റ്റൻ വിക്രം ബത്രയ്‌ക്ക് ഭാരതത്തിന്റെ ഏറ്റവും വലിയ സൈനിക ബഹുമതിയായ പരം വീർചക്ര മരണാനന്തര ബഹുമതിയായി നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ഇന്ത്യയുടെ യശ്ശസ് ഉയർത്തിയ ആ വീര പുരുഷന്റെ ജന്മ ദിനത്തിൽ അലയടിക്കുന്നത് ഒരേയൊരു വാചകം ‘യേ ദിൽ മാംഗേ മോർ’..
Comments