ആശുപത്രി ജീവനക്കാരുടെ അശ്രദ്ധ: ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ചുതന്നെയെന്ന് അന്വേഷണ റിപ്പോർട്ട്

Published by
Janam Web Desk

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്‌ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നിർണ്ണായകവിവരം പുറത്ത്. ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് തന്നെയെന്ന് പോലീസിന്റെ അന്വേഷണ റിപ്പോർട്ട്. ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും അശ്രദ്ധയും ജാഗ്രതക്കുറവുമാണ് വയറ്റിൽ കത്രിക കുടുങ്ങാൻ കാരണമായതെന്നാണ് കണ്ടെത്തൽ. അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ജനം ടിവിയ്‌ക്ക് ലഭിച്ചു.

പ്രസവ ശസ്ത്രക്രിയയ്‌ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോ. സി.കെ രമേശൻ, ഡോ. എം. ഷഹന, നഴ്‌സുമാരായ എം. രഹന, കെ.ജി മഞ്ജു എന്നിവരെ പ്രതിചേർത്താണ് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നടന്ന ആദ്യ രണ്ട് ശസ്ത്രക്രിയകൾക്ക് ശേഷം ഹർഷിനക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. വിവിധ സർജറികളുടെ കേസ് ഷീറ്റുകൾ, സർജിക്കൽ ഉപകരണങ്ങളുടെ സ്റ്റോക്ക് രജിസ്റ്ററുകൾ, സ്‌കാനിങ് റിപ്പോർട്ടുകൾ, സ്‌കാനിങ്ങ് ഉപകരണ നിർമാണക്കമ്പനിയായ സീമൻസിന്റെ ഗൈഡ് ലൈനുകൾ, വിവിധ ആശുപത്രികളിലെ വിദഗ്ധരുടെ മൊഴികൾ, മറ്റു ചികിത്സാ രേഖകൾ എന്നിവയാണ് കേസിലെ പ്രധാന തെളിവുകളായി പൊലീസ് ചൂണ്ടിക്കാണിക്കുന്നത്.

കേസിൽ പ്രതികളെ അറസ്റ്റ് ചെയ്തിട്ടും ആരോഗ്യവകുപ്പ് മന്ത്രി പ്രതികരിക്കുന്നില്ല. അർഹമായ നഷ്ടപരിഹാരത്തെക്കുറിച്ച് സർക്കാർ പ്രതികരിക്കാത്തത് വേദനയുണ്ടാക്കുന്നു. അർഹമായ നഷ്ടപരിഹാരം മാത്രമാണ് ആവശ്യപ്പെടുന്നത്. അത്രയധികം വേദനയും പ്രയാസങ്ങളും അനുഭവിച്ചിട്ടുണ്ട്. ഇവിടേക്ക് വന്നതുപോലും മോശമായ ആരോഗ്യസ്ഥിതി പരിഗണിക്കാതെയാണ്. വിഷയം മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ശ്രദ്ധയിൽപെടുത്തുമെന്നും പ്രതിപക്ഷനേതാവ് ഉറപ്പു നൽകിയതായും ഹർഷിന പറഞ്ഞു. പ്രതിപക്ഷനേതാവുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു ഹർഷിന. വിഷയം നിയമസഭയിൽ അവതരിപ്പിക്കുമെന്ന് വി.ഡി.സതീശനും വ്യക്തമാക്കി എന്ന് മാദ്ധ്യമങ്ങളോട് ഹർഷിന പ്രതികരിച്ചു.

അതേസമയം ഹർഷിന വീണ്ടും സമരത്തിന് ഒരുങ്ങുകയാണ്. തനിക്ക് നഷ്ടപരിഹാരം ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർഷിന വീണ്ടും സമരം ഇരിക്കുന്നത്. ഈ മാസം13-ന് നിയമസഭയ്‌ക്ക് മുന്നിൽ ഹർഷിന കുത്തിയിരിപ്പ് സമരം നടത്തും. കേരളസർക്കാർ അൻപത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ഹർഷിനയുടെ ആവശ്യം. സർക്കാർ തീരുമാനം ഇല്ലെങ്കിൽ ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ഹർഷിന വ്യക്തമാക്കി.

Share
Leave a Comment