ന്യൂഡൽഹി: ലോകരാജ്യങ്ങളുടെ ശക്തവും സുസ്ഥിരവും സന്തുലിതവുമായ വളർച്ച ഉൾക്കൊള്ളുന്നതാണ് ജി20 പ്രഖ്യാപനമെന്ന് വിദേശകാര്യ മന്ത്രി എസ.് ജയശങ്കർ. ലോകരാജ്യങ്ങളുടെ വളർച്ചയെ സംയുക്തമായി പ്രോത്സാഹിപ്പിക്കുന്നതിൽ ജി20 ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സുസ്ഥിര വികസനത്തിലേക്ക് രാജ്യങ്ങളെ എത്തിക്കാനാണ് ജി20യുടെ പ്രഖ്യാപനം ശ്രമിക്കുന്നത്. അതിന് വേണ്ടിയുളള കർമ്മ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്നും പത്രസമ്മേളനത്തിൽ ജയശങ്കർ വ്യക്തമാക്കി.
എല്ലാവരെയും ഉൾക്കൊണ്ടുള്ള സമഗ്ര വളർച്ചയും വികസനവുമാണ് ജി20യിലൂടെ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സുസ്ഥിര ഭാവിയ്‌ക്കായി ഉള്ളതാണ് ഹരിത വികസന ഉടമ്പടി. സുസ്ഥിര വികസനത്തിൽ സുപ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ഹൈഡ്രജൻ. കാർബണിന്റെ ഉപയോഗം കുറച്ചുകൊണ്ട് ഹൈഡ്രജന്റെ ഉപയോഗം ത്വരിതപ്പെടുത്താനുള്ള തത്വങ്ങൾ, സമുദ്ര ആവാസവ്യവസ്ഥ ഉപയോഗപ്പെടുത്തി സാമ്പത്തിക വളർച്ച കൈവരിക്കുന്നതിനായുളള തത്വങ്ങൾ, ഭക്ഷ്യസുരക്ഷയ്‌ക്കും പോഷകാഹാരങ്ങൾക്കുമായുളള ഡെക്കാൻ തത്വങ്ങൾ എന്നിവയാണ് ഉച്ചകോടിയുടെ ഒന്നാം ദിനത്തിലെ പ്രഖ്യാപനം.
ജി 20 ഉച്ചകോടിയിലെ സംയുക്ത പ്രസ്താവനയിൽ സമവായമാണുണ്ടായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. വികസ്വര രാജ്യങ്ങൾക്ക് കൂടുതൽ സാമ്പത്തിക സഹായം ഉറപ്പാക്കും. ക്രിപ്‌റ്റോ കറൻസിക്ക് അന്താരാഷ്‌ട്ര നിയന്ത്രണ ചട്ടങ്ങൾ ഉണ്ടാകും. ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനത്തിലും സംരക്ഷണ ചട്ടങ്ങൾ ഉണ്ടാകും. ഭീകരവാദികൾക്ക് സുരക്ഷിത താവളം ഒരുക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും പ്രമേയത്തിലുണ്ട്. എല്ലാത്തിലും നൂറു ശതമാനം സമവായം എന്ന് ഷെർപ അമിതാഭ് കാന്ത് വ്യക്തമാക്കി.
















Comments