തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധന ഉടൻ. ഇത് സംബന്ധിച്ച് സൂചന നൽകി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. അടുത്ത നാല് വർഷം കൊണ്ട് യൂണിറ്റിന് 1.05 രൂപ വർദ്ധിപ്പിക്കണമെന്നാണ് വൈദ്യുതി ബോർഡ് റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വ്യവസായങ്ങൾക്ക് നാല് വർഷം കൊണ്ട് ശരാശരി 50 പൈസ വരെയാണ് വർദ്ധന ചോദിച്ചിരിക്കുന്നത്.
ഈ സാമ്പത്തിക വർഷവും അടുത്ത സാമ്പത്തിക വർഷവും ശരാശരി 40 പൈസ(ആറ് ശതമാനം) വീതം അതിന് ശേഷം 20 പൈസ (മൂന്ന് ശതമാനം), അതിന് ശേഷമുള്ള വർഷങ്ങളിൽ അഞ്ച് പൈസ (ഒരു ശതമാനം) എന്ന ക്രമത്തിലും വർദ്ധിപ്പിക്കണമെന്നാണ് ബോർഡിന്റെ ആവശ്യം. നാല് വർഷം കൊണ്ട് ശരാശരി 1.05 രൂപ. ഇതിനെക്കാൾ താഴ്ന്ന നിരക്കായിരിക്കും കമ്മീൻ തീരുമാനിക്കുക.
നിരക്ക് വർദ്ധനയ്‌ക്ക് എതിരെയുള്ള ഹൈക്കോടതി വിധി വന്നതിന് പിന്നാലെയാണ് വർദ്ധന. വൈദ്യുതി നിരക്കിൽ കെഎസ്ഇബിയുടെ പെൻഷൻ ബാദ്ധ്യതയും ഉൾപ്പെടുത്തി ജനങ്ങളെ പിഴിയുന്നത് ഹൈക്കോടതി വിലക്കിയിരുന്നു. യൂണിറ്റിന് 17 പൈസയുടെ ആശ്വാസമാണ് ഇതുവഴിയുണ്ടാവുക. ഹൈടെൻഷൻ, എക്‌സ്ട്രാ ഹൈടെൻഷൻ കൺസ്യൂമേഴ്‌സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് സുപ്രധാന വിധി വന്നത്. നിലവിലുള്ള നിരക്കിന് ഈ മാസം 30 വരെയാണ് പ്രാബല്യം.
Comments