തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ മുൻ കോൺഗ്രസ് എംഎൽഎമാരെ കൂടി പ്രതിചേർക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. എം.എ വാഹിദ്, ശിവദാസൻ നായർ എന്നിവരെ പ്രതിചേർത്ത് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകും. വനിതാ എംഎൽഎയെ തടഞ്ഞുവെച്ചെന്ന കുറ്റം ചുമത്തിയാണ് പ്രതി ചേർക്കുക.
ഐപിസി 341, 323 എന്നീ വകുപ്പുകളാണ് നേതാക്കൾക്കെതിരേ ചുമത്തുക. കേസ് എഴുതിത്തളളാൻ സർക്കാർ പല ശ്രമങ്ങളും നടത്തിയെങ്കിലും കനത്ത തിരിച്ചടി നേരിട്ടിരുന്നു. കേസ് റദ്ദാക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷവും കോടതിയെ സമീപിച്ചതോടെയാണ് നീക്കങ്ങൾ പാളിയത്. കോൺഗ്രസ് നേതാക്കളെ കൂടി പ്രതിയാക്കിയതോടെ കുറ്റപത്രം റദ്ദാക്കണമെന്ന ആവശ്യവുമായി ഇനി കോൺഗ്രസിനും കോടതിയെ സമീപിക്കേണ്ടിവരും. പ്രതിപക്ഷത്തെ കൂടി സമ്മർദ്ധത്തിലാക്കി തുടർ നടപടികൾ വൈകിപ്പിക്കുകയാണ് പുതിയ നീക്കത്തിന് പിന്നിലെന്നാണ് ഉയരുന്ന ആക്ഷേപം.
വി. ശിവൻകുട്ടിയും ഇ.പി ജയരാജനുമടക്കം ഇടത് നേതാക്കൾ പ്രതിയായ നിയമസഭ കയ്യാങ്കളി കേസിലാണ് ഏഴ് വർഷങ്ങൾക്കിപ്പുറം കോൺഗ്രസ് നേതാക്കളെ കൂടി പ്രതി ചേർത്തിരിക്കുന്നത്. വിചാരണ തുടങ്ങാനിരിക്കെയാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. അന്നത്തെ പ്രതിപക്ഷ എംഎൽഎമാർ ആക്രമിച്ച് പരിക്കേൽപ്പിച്ചിട്ടും അവരെ പ്രതിചേർത്തില്ലെന്ന് ഇടതു വനിതാ നേതാക്കൾ ഡിജിപിയ്‌ക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുൻ എം എൽ എ മാരായ എം എ വാഹിദ്, ശിവദാസൻ നായർ എന്നിവരെ ക്രൈംബ്രാഞ്ച് പ്രതിചേർക്കുന്നത്.
Comments