ലോകത്തെ ഞെട്ടിച്ച നെഞ്ചിടിപ്പിക്കുന്ന ദിനമാണ് സെപ്റ്റംബർ 11. ഇന്നും തിരിച്ചറിഞ്ഞിട്ടില്ലാത്ത 3,000-ത്തിലധികം ജീവനുകളെ കാർന്നെടുത്ത ഭീകരാക്രമണത്തിനാണ് അമേരിക്ക, കഴിഞ്ഞ 22 വർഷങ്ങൾക്ക് മുൻപ് ഈ ദിവസത്തിൽ സാക്ഷ്യം വഹിച്ചത്. ലോകത്തെ ഏറ്റവും സുരക്ഷിത ഇടമാണ് അമേരിക്ക എന്ന വിശേഷിപ്പിച്ചിരുന്ന കാലത്താണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ അൽ-ഖ്വയ്ദ ഭീകരർ ആക്രമണം നടത്തിയത്.
ന്യൂയോർക്കിൽ അംബരചുംബിയായി നിന്നിരുന്ന വേൾഡ് ട്രേഡ് സെന്ററിന്റെ നോർത്ത്, സൗത്ത് ടവറുകളിലേക്കും പെൻസിൽവാനിയയിലെ ഒരു തുറന്ന മൈതാനത്തുമാണ് വിമാനങ്ങൾ തകർന്നുവീണത്. അമേരിക്കൻ വിമാനം ഇടിച്ചിറങ്ങിയപ്പോൾ വിമാനപകടമെന്നാണ് ആദ്യം കരുതിയതെങ്കിലും വീണ്ടും വിമാനം ഇടച്ചിറങ്ങിയപ്പോഴാണ് ആക്രമണം ആണെന്ന് മനസിലായത്.
ബോസ്റ്റൺ വിമാനത്താവളത്തിലേക്ക് പറന്നുയർന്ന അമേരിക്കൻ എയർലൈൻസ് ഫ്ളൈറ്റ് 11, യുണൈറ്റഡ് എയർലെൻസ് ഫ്ളൈറ്റ് 175 എന്നീ രണ്ട് വിമാനങ്ങൾ ഭീകരർ റാഞ്ചുകയായിരുന്നു. രാവിലെ പറന്നുയർന്ന എഎ11 ഏതാണ്ട് ഒരുമണിക്കൂറിനുള്ളിൽ വേൾഡ് ട്രേഡ് സെന്ററിന്റെ വടക്കുഭാഗത്തുള്ള ടവറിന്റെ 80-ാം നിലയിലേക്ക് ഇടിച്ചു കയറി. നിമിഷങ്ങളുടെ വ്യത്യാസത്തിൽ യുഎ175 തെക്കേ ടവറിന്റെ അറുപതാം നിലയിലേക്കും ഇടിച്ചുകയറി. രാവിലെ 8.20-ന് ഡലസ് വിമാനത്താവളത്തിൽ നിന്നും പറന്ന അമേരിക്കൻ എയർലൈൻസ് ഫ്‌ളൈറ്റ് വിമാനവും ഭീകകർ റാഞ്ചി. മണിക്കൂറുകൾക്കകം പെന്റഗണിന്റെ പടിഞ്ഞാറ് ഭാഗത്ത് ഇടിച്ചിറങ്ങുകയായിരുന്നു. എന്നാൽ ന്യൂവേക്ക് വിമാനത്താവളത്തിൽ നിന്ന് റാഞ്ചിയ വിമാനം യാത്രക്കാരുടെ ചെറുത്ത് നിൽപ്പിൽ പാടത്ത് ഇടിച്ചിറങ്ങി. നാല് വിമാനങ്ങൾ തകർന്ന് മരിച്ചത് 2,997 പേരാണ്. വേൾഡ് ട്രേഡ് സെന്ററിൽ ആകെ 2,753 പേരും പെന്റഗണിൽ 184 പേരും പെൻസിൽവാനിയയിൽ 40 പേരും മരിച്ചു. ഇതിന് പുറമേ 19 അൽ-ഖ്വയ്ദ ഭീകരരും കൊല്ലപ്പെട്ടു. വേൾഡ് ട്രേഡ് സെന്ററിൽ പടർന്ന തീ അണയ്‌ക്കുന്നതിടെ 343 സേനാംഗങ്ങളും മരണത്തിന് കീഴടങ്ങി. അല്ലാതെയും നിരവധി പേർ മരിച്ചിട്ടുണ്ടെന്നാണ് വിവരം.
അൽ-ഖ്വയ്ദ പരിശീലനം നൽകിയ 19 ഭീകരരാണ് ആക്രമണം നടത്തിയത്. അൽ-ഖ്വയ്ദ നേതാവ് ഒസാമ ബിൻലാദനായിരുന്നു ആക്രമണങ്ങളുടെ ആസൂത്രകൻ. ഏതാണ്ട് ഒന്നരവർഷത്തോളം അമേരിക്കയിൽ താമസിച്ചാണ് ഭീകരർ ആക്രമണത്തിന് തയ്യാറെടുത്തത്. റാഞ്ചിയെടുത്ത വിമാനം പറത്തിയ ഭീകരരിലെ നാലുപേരും വിമാനം പറത്താൻ പരിശീലനം നേടിയത് അമേരിക്കയിലെ പരിശീലന സ്‌കൂളുകളിൽ നിന്നായിരുന്നു. പിന്നീട് 9/11 ആക്രമണത്തിന് ഉത്തരവാദികളായ അഞ്ച് അൽ-ഖ്വയ്ദ ഭീകകരെ അമേരിക്ക തടവിലാക്കി. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലുതും സങ്കീർണവുമായ ഫോറൻസിക് അന്വേഷണത്തിനൊടുവിലാണ് 3000-ത്തോളം ആളുകളുടെ ജീവനെടുത്ത ഭീരകരെ നിയമത്തിന് മുന്നിലെത്തിക്കാൻ കഴിഞ്ഞത്. 9/11 ഭീകരാക്രണത്തിന് ചുക്കാൻ പിടിച്ച ഭീകരൻ ബിൻ ലാദനെ അമേരിക്കൻ സൈന്യം കൊലപ്പെടുത്തി മരണപ്പെട്ടവർക്ക് ആത്മശാന്തി നൽകുകയും ചെയ്തു. 2011 മെയ് രണ്ടിന് പാകിസ്താനിലെ അബട്ടാബിദിലെ ഒളിത്താവളത്തിൽ വെച്ചായിരുന്നു സൈന്യം ഭീകരനെ കൊലപ്പെടുത്തിയത്.
രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിൽ ജീവഹാനിക്ക് പുറമേ നിരവധി പേരെ രോഗികളാക്കുകയും ചെയ്തു. വിഷ പുക ശ്വസിച്ചും പരിക്കുകളേറ്റും നിരവധി പേർ ഇന്നും ജീവിതം തള്ളി നീക്കുന്നു. ഭീകരാക്രമണ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത എമർജൻസി വർക്കർമാർക്കും ക്ലീനിംഗ് ക്രൂ അംഗങ്ങൾക്കും ഇപ്പോഴും കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ അലട്ടുന്നുണ്ടെന്നാണ് കണ്ടെത്തൽ. രക്ഷപ്പെട്ടവരിൽ 45 ശതമാനത്തോളം പേർക്കും ശ്വസന സംബന്ധമായ പ്രശ്‌നങ്ങളാണ്. 16 ശതമാനത്തോളമാണ് കാൻസർ ബാധിതർ. ബാക്കിയുള്ളവരിൽ മാനസികമായ പ്രശ്‌നങ്ങളാണ് കണ്ടെത്തിയത്. ഭീകരാക്രമണത്തിനുപയോഗിച്ച വിമാനങ്ങളിൽ നിന്നുള്ള ഇന്ധനങ്ങളും വിഷ വാതകങ്ങളും കെട്ടിടങ്ങളിലെ പൊടിയും ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം മരിച്ച 40 ശതമാനം പേരെയും ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ദുരന്തം സംഭവിച്ച് രണ്ട് പതിറ്റാണ്ടിനിപ്പുറമാണ് രണ്ട് പേരുടെ മൃതദേഹം തിരിച്ചറിഞ്ഞത്. മരിച്ച 40 ശതമാനം പേരെ ഇനിയും തിരിച്ചറിയാനായിട്ടില്ല.
















Comments