ന്യൂഡൽഹി: ഇന്ത്യയുടെ പ്രധാനപ്പെട്ട തന്ത്രപരമായ പങ്കാളിയാണ് സൗദി അറേബ്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുരാജ്യങ്ങളുടെയും പരസ്പര സഹകരണം എല്ലാ മേഖലകളിലേക്കും കൊണ്ട് പോകാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ- സൗദി അറേബ്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘ഇരു രാജ്യങ്ങളുടെയും പങ്കാളിത്തം കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിരവധി സംരംഭങ്ങൾക്ക് ഞങ്ങൾ തുടക്കം കുറിച്ചിരിക്കുകയാണ്. ഇന്ന് നടന്ന ചർച്ചകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾക്ക് പുതിയ ഊർജ്ജവും ദിശാബോധവും നൽകും. ജനങ്ങളുടെ ക്ഷേമത്തിനായി ഒരുമിച്ച് പ്രവർത്തിക്കാൻ ഈ ചർച്ചകൾ പ്രചോദനം നൽകും’ പ്രധാനമന്ത്രി പറഞ്ഞു.
‘കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ ഇന്ത്യ, പശ്ചിമേഷ്യ, യൂറോപ്പ് എന്നിവയ്‌ക്കിടയിലുള്ള ചരിത്രപരമായ സാമ്പത്തിക ബന്ധം ഊട്ടിയുറപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഇത് രണ്ട് രാജ്യങ്ങളെ ബന്ധിപ്പിക്കുക മാത്രമല്ല സാമ്പത്തിക വളർച്ചയും ഡിജിറ്റൽ കണക്റ്റിവിറ്റിയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ ജി20 യോഗത്തിലും സൗദി അറേബ്യയുടെ പങ്കാളിത്തം വളരെ വലുതായിരുന്നു’ അദ്ദേഹം വ്യക്തമാക്കി.
മൂന്ന് ദിവസത്തെ സന്ദർശനത്തിനും ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനും വേണ്ടിയാണ് സൗദി അറേബ്യ കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ് ഇന്ത്യയിലെത്തിയത്. ഇന്ത്യ- സൗദി അറേബ്യ കൗൺസിലിന്റെ ആദ്യ യോഗത്തിൽ അദ്ദേഹം പങ്കെടുത്തു. ഊർജം, വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ആരോഗ്യം, ഭക്ഷ്യസുരക്ഷ തുടങ്ങിയ മേഖലകളിലെ ഇരു രാജ്യങ്ങളുടെയും സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് യോഗത്തിൽ നേതാക്കൾ ചർച്ച ചെയ്തു.
Comments