ആൻഡ്രോയ്ഡ് ഫോൺ ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ‘സെർട്ട്’. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT) ഉയർന്ന സുരക്ഷാ അപകട മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ ആക്രമണകാരികൾക്ക് ആൻഡ്രോയ്ഡ് ഫോണിലേക്ക് ആക്സസ് നേടാനും സെൻസിറ്റീവ് വിവരങ്ങൾ ആക്സസ് ചെയ്യാനും കഴിയുമെന്ന് സെർട്ട് മുന്നറിയിപ്പ് നൽകുന്നു. പ്ലേ സ്റ്റോർ വഴി നേരിട്ട് ആപ്പുകൾ അപ്‌ഡേറ്റ് ചെയ്യുക എന്നതാണ് ഇതിനുള്ള ഏക പരിഹാരം. Android OS അപ്ഡേറ്റ് ലഭ്യമാണോ എന്നും ഉപയോക്താക്കൾ പരിശോധിക്കണം.
ആൻഡ്രോയ്ഡ് 11, ആൻഡ്രോയ്ഡ് 12, ആൻഡ്രോയ്ഡ് 13 എന്നിവയിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണുകളുള്ള ഉപയോക്താക്കളെ കേടുപാടുകൾ ബാധിക്കുന്നതിനാൽ അപകടസാധ്യതയുടെ വ്യാപ്തി വളരെ വലുതായിരിക്കുമെന്ന് CERT പറയുന്നു. അറ്റാക്കേഴ്സിന് പ്രത്യേകാവകാശങ്ങൾ (privilege) നേടാനും തന്ത്രപ്രധാനമായ വിവരങ്ങൾ ശേഖരിക്കാനും റിമോട്ട് കോഡ് നടപ്പിലാക്കാനും അല്ലെങ്കിൽ ടാർഗെറ്റ് സിസ്റ്റത്തിൽ സേവനം നിരസിക്കാനും (denial of service) കഴിയും. ഫ്രെയിം വർക്ക്, സിസ്റ്റം, ഗൂഗിൾ പ്ലേ സിസ്റ്റം, ക്വാൽകോം എന്നീ ആപ്ലിക്കേഷനുകളിലെ പിഴവുകൾ കാരണം ഒന്നിലധികം തകരാറുകൾ Android-ൽ നിലനിൽക്കുന്നു. ഇത്തരം പ്രശ്നങ്ങൾ ചൂഷണം ചെയ്തുകൊണ്ടാണ് അറ്റാക്കേഴ്സ് ആൻഡ്രോയ്ഡ് ഫോണിലെ ആക്സസ് നേടുന്നത്.
രാജ്യത്ത് വലിയൊരു വിഭാഗം ആളുകളും ആൻഡ്രോയ്ഡ് ഉപയോക്താക്കളായതിനാൽ ഇന്ത്യയിലെ ദശലക്ഷക്കണക്കിന് പേരെ ഇതു ബാധിച്ചേക്കാം. സ്റ്റാറ്റിസ്റ്റയുടെ കണക്കനുസരിച്ച്, 2022-ൽ ഇന്ത്യയിലെ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം വിപണിയുടെ 95.26 ശതമാനവും ആൻഡ്രോയ്ഡ് ഉപഭോക്താക്കൾ ആണ്.
നിങ്ങളുടെ ഫോൺ അപ്-ടു-ഡേറ്റ് ആയി സൂക്ഷിക്കുക എന്നതാണ് മുന്നിലുള്ള പോംവഴി. ഒന്നാമതായി, നിങ്ങളുടെ ഫോണിലെ എല്ലാ ആപ്പുകളും ഏറ്റവും പുതിയ പതിപ്പുകളിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുക. കൂടാതെ, ഉപയോക്താക്കൾക്ക് എന്തെങ്കിലും ഓപ്പറേറ്റിങ്ങ് സിസ്റ്റം അപ്ഡേറ്റുകൾ തീർപ്പാക്കാനുണ്ടോ എന്ന് കൃത്യമായി പരിശോധിക്കുക . ലഭ്യമായ അപ്ഡേറ്റുകൾ പരിശോധിക്കുന്നതിനുള്ള രീതികൾ വ്യത്യസ്ത ഫോണുകളിൽ അൽപം വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും, ‘Settings’ലേക്ക് നാവിഗേറ്റ് ചെയ്യാനും ആൻഡ്രോയിഡ് അപ്ഡേറ്റുകൾ തിരയാനും കഴിയും. അത് കൃത്യമായി ചെയ്തുവെന്ന് ഉറപ്പ് വരുത്തണം.
പുതിയ കേടുപാടുകൾ സിസ്റ്റവുമായി ബന്ധപ്പെട്ട പിഴവുകളാകാം. അതിനാൽ വിശ്വസ്തരായ ഡെവലപ്പർമാർ തയ്യാറാക്കിയ ആപ്പുകൾ ഉപയോഗിക്കാൻ തയ്യാറാകണമെന്നാണ് നിർദ്ദേശം. തേർഡ് പാർട്ടി ഓൺലൈൻ സ്റ്റോറുകളിൽ നിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് പൂർണമായും ഒഴിവാക്കുക. 2023 ഓഗസ്റ്റിൽ സെർട്ട് സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു. ആ സമയത്ത് ആൻഡ്രോയ്ഡ് തകരാറുകൾ ഇന്ത്യയിലെ ആൻഡ്രോയ്ഡ് 13-ൽ പ്രവർത്തിക്കുന്ന ഫോൺ ഉപയോക്താക്കളെ ബാധിച്ചതായാണ് റിപ്പോർട്ട്.
Comments