ശ്രീനഗർ: ഇന്ത്യയിൽ നിർമ്മിച്ച ഉപകരണങ്ങളും ആയുധങ്ങളും പ്രദർശിപ്പിക്കുന്ന ടെക് സിമ്പോസിയത്തിന് ഇന്ന് തുടക്കം. മൂന്ന് ദിവസത്തെ പ്രദർശനമാണ് സേന ഏർപ്പെടുത്തിയിരിക്കുന്നത്. സൊസൈറ്റി ഓഫ് ഇന്ത്യൻ ഡിഫൻസ് മാനുഫാക്ചേഴ്സ് കമ്പനിയും ജമ്മുകശ്മീരിലെ ഐഐടിയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലെഫ്റ്റനന്റ് ജനറൽ എംവി സുചീന്ദ്ര കുമാർ സിമ്പോസിയം ഉദ്ഘാടനം ചെയ്തു.
‘അത്യാധുനിക സാങ്കേതികവിദ്യയിലൂടെ ഇന്ത്യ നോർത്തേൺ കമാൻഡ് മിലിട്ടറി ഓപ്പറേഷൻ വെല്ലുവിളികളെ നേരിടും’എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. എംഎസ്എംഇ, ഡിആർഡിഒ, ഡിപിഎസ്‌യു, സിമുലേറ്റർ ഡെവലപ്മെന്റ് ഡിവിഷൻ എന്നിവയുൾപ്പെടെ ഏകദേശം 180 ഇന്ത്യൻ പ്രതിരോധ കമ്പനികളുടെ സജീവ പങ്കാളിത്തം സിമ്പോസിയത്തിനുണ്ട്.
‘മെയ്‌ക്ക് ഇൻ ഇന്ത്യ’ എന്ന കേന്ദ്ര സർക്കാർ പദ്ധതിയെ ലക്ഷ്യമിട്ടിട്ടുള്ളതാണിത്. സുരക്ഷാ സേന നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുന്ന അത്യാധുനിക സാങ്കേതികവിദ്യകളും ഉത്പ്പന്നങ്ങളും സിമ്പോസിയത്തിൽ പ്രദർശിപ്പിക്കും. മൊബിലിറ്റി, ഫയർ പവർ, സൈനികരുടെ സംരക്ഷണം, സന്ദേശം കൈമാറൽ, യുദ്ധ-മെഡിക്കൽ സൗകര്യം, റോബോട്ടിക്‌സ്, സിമുലേറ്ററുകൾ, പരിശീലന സഹായങ്ങൾ എന്നിവ സിമ്പോസിയത്തിൽ ഉൾപ്പെടുന്നു.
ഈ വർഷത്തെ നോർത്ത് ടെക് സിമ്പോസിയം കഴിഞ്ഞ വർഷത്തേക്കാൾ മികച്ചതാണെന്ന്
ആർമി കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. മൂന്ന് ദിവസം നടക്കുന്ന പരിപാടിയിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ തുടങ്ങിയവർ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
















Comments