തിരുവനന്തപുരം ചെങ്കല്‍ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തില്‍ നിർമ്മിക്കുന്ന ദേവലോകത്തിന്‍റെ ആധാരശിലാസ്ഥാപന ചടങ്ങിൽ പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ, തിരുവനന്തപുരം കോർപ്പറേഷനിലെ പാപ്പനംകോട് വാർഡ് കൗൺസിലറായ ബിജെപി നേതാവ് ആശാനാഥ്, സിപിഎമ്മിന്‍റെ ജില്ലാ പഞ്ചായത്ത് മെമ്പർ സൂര്യ എസ് പ്രേം ഉള്‍പ്പടെയുള്ളവർ പങ്കെടുത്തിരുന്നു. എന്നാൽ, ചാണ്ടി ഉമ്മന്റെയും ആശാനാഥിന്റെയും ചിത്രം മാത്രം ക്രോപ് ചെയ്തുകൊണ്ട് വ്യാപക പ്രചാരണമാണ് ഇടത് സൈബർ ഇടങ്ങൾ നടത്തിയത്. പുതുപ്പള്ളിയിൽ ബിജെപി വോട്ട് മറിച്ചു എന്ന തരത്തിൽ പ്രചരിപ്പിക്കാനും ബിജെപി വനിതാ നേതാവിനെ അവഹേളിക്കാനുമാണ് പോരാഷി ഷാജി അടക്കമുള്ള ഇടത് സൈബർ പേജുകൾ ശ്രമിച്ചത്. സത്യാവസ്ഥ പുറത്തു വന്നിട്ടും നുണ പ്രചരണങ്ങൾ തുടരുന്ന സാഹചര്യത്തിൽ സിപിഎമ്മിന്റെ നെറികെട്ട രാഷ്‌ട്രീയത്തിനെതിരെ ശക്തമായ ഭാഷയിൽ വിമർശിച്ച് രംഗത്തു വന്നിരിക്കുകയാണ് ബിജെപി നേതാവ് ആശാനാഥ്.
‘തിരുവനന്തപുരം ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ ദേവലോകം ആധാര ശിലാസ്ഥാപന കർമ്മം എന്ന പൊതുപരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ സിപിഎം സൈബർ പ്രവർത്തകർ വളരെ മോശവും നീചവുമായ രീതിയിൽ സാമൂഹിക മാദ്ധ്യമങ്ങളിലെ വിവിധ സിപിഎം പേജുകളിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ചാണ്ടി ഉമ്മനോടൊപ്പം ഉള്ള ഫോട്ടോ വച്ച് പ്രചരിക്കുന്നതായി ശ്രദ്ധയിൽപെട്ടു. ആദ്യം ഇതിനെ അവഗണിക്കാം എന്നാണ് വിചാരിച്ചത്. എന്നാൽ പലരും കാര്യം എന്താണെന്ന് വ്യക്തമാക്കണം എന്നു പറയുന്നത് കൊണ്ടാണ് ഈ പോസ്റ്റ്.ഇത് കോൺഗ്രസ് പാർട്ടി നടത്തിയ പരിപാടി അല്ല. ഒരു ജനപ്രതിനിധി എന്ന നിലയിൽ ക്ഷേത്രം കമ്മിറ്റി ക്ഷണിച്ചതിനെ തുടർന്നാണ് പങ്കെടുത്തത്. ഒരു പൊതുപരിപാടിയിൽ വിവിധ രാഷ്‌ട്രീയ പാർട്ടികളിലെയും സാമൂഹിക നേതാക്കളും ജനപ്രതിനിധികളുമൊക്കെ പങ്കെടുക്കുന്നത് സർവസാധാരണമാണ്. ഈ പരിപാടിയിൽ കോൺഗ്രസ് എംഎൽഎ ചാണ്ടി ഉമ്മൻ, എംഎൽഎ വിൻസെന്റ്, സിപിഎം ജില്ലാ പഞ്ചായത്ത് അംഗം സൂര്യ എസ് പ്രേം, സിപിഎം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോജിൻ, ബിജെപി നേതാവ് ചെങ്കൽ രാജശേഖരൻ തുടങ്ങി നിരവധി പ്രാദേശിക നേതാക്കൾ പങ്കെടുത്തിരുന്നു’.
‘പരിപാടിൽ പങ്കെടുത്തതിന്റെ ഒരു ഫോട്ടോ മാത്രം അടർത്തിയെടുത്ത് അപകീർത്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. പഴയ പോസ്റ്റുകൾ തിരഞ്ഞാൽ സിപിഎം എംഎൽഎ-യോടൊപ്പമുള്ള പൊതുപരിപാടികളും കാണാം. അപ്പോഴും നിങ്ങൾ സിപിഎമ്മിന് വോട്ട് മറിച്ചു നൽകിയെന്ന് പ്രചരിപ്പിക്കുവോ..? ഓരോ കവലകളിലും സ്ത്രീ സംരക്ഷണത്തെ കുറിച്ച് പ്രസംഗം നടത്തുന്നവരും മതിൽ കെട്ടിയവരുമാണ് ഇപ്പോൾ ഒരു പൊതുപരിപാടിയുടെ ചിത്രം എടുത്ത് വ്യാജ പ്രചാരണം നടത്തുന്നത്. ഇങ്ങനുള്ള ദുഷ്പ്രചരണങ്ങൾ കണ്ട് രാഷ്‌ട്രീയത്തിൽ നിന്ന് ഭയന്നോടുമെന്ന് വ്യാമോഹിക്കേണ്ട. ശക്തമായി തന്നെ മുന്നോട്ട് പോകുക തന്നെ ചെയ്യും. ഇതുപോലുള്ള വ്യക്തിപരമായ അധിക്ഷേപങ്ങൾ അന്തം കമ്മികളുടെ സ്ഥിരം ശൈലിയാണ്. ഇത് അവർ ഇനിയും തുടരുമെന്നും അറിയാം വ്യാജ പ്രചാരണങ്ങൾ കൊണ്ട് അടിച്ചമർത്താൻ നോക്കേണ്ട. ഇതിലൊന്നും പേടിക്കുന്നയാളല്ല ഈ ഞാൻ’- ആശാനാഥ് ഫേയ്സ്ബുക്കിൽ കുറിച്ചു.
















Comments