എറണാകുളം: ഇതര മതസ്ഥരിലെ വൻ വ്യവസായികളെ കൊള്ളയടിക്കാൻ പദ്ധതിയിട്ടെന്ന് ഐ എസ് ഭീകരന്റെ മൊഴി. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഐഎസ് ഭീകരൻ നബീൽ എന്ന സെയ്ത് നബീൽ അഹമ്മദിൽ നിന്നാണ് നിർണ്ണായക മൊഴികൾ ദേശീയ അന്വേഷണ ഏജൻസിക്ക് ലഭിച്ചത്. ഹൈന്ദവ-ക്രൈസ്തവ മത വിഭാഗങ്ങളിലുള്ള വൻ വ്യവസായികളെയും, അവരുടെ സ്ഥാപനങ്ങളെയും കൊള്ളയടിച്ച് ഭീകരവാദത്തിനുള്ള പണം കണ്ടെത്താനായിരുന്നു പദ്ധതി.
ഇതിനായി വൻ വ്യവസായികളുടെയും, സ്ഥാപനങ്ങളുടെയും പട്ടിക തയ്യാറാക്കിയിരുന്നു. വിദേശത്ത് നിന്നുള്ള ഫണ്ടുകൾക്ക് പുറമേ കൂടുതൽ ഫണ്ട് കണ്ടെത്താനായിരുന്നു കൊള്ളയടക്കമുള്ള പദ്ധതികൾ ഐ എസ് കേരള മൊഡ്യൂൾ തയ്യാറാക്കിയത്. കൊള്ളയ്‌ക്കുള്ള ആസൂത്രണങ്ങൾ ഭീകരർ ആരംഭിക്കുകയും ചെയ്തു. ആഷിഫ്, ഷിയാസ് സിദ്ദിഖ്, നബീൽ സെയ്ദ് അഹമ്മദ്, ഇനിയും പിടിയിലാകാനുള്ള മറ്റൊരാൾ എന്നിവരായിരുന്നു ഗൂഢാലോചനകളിൽ പങ്കാളികളായിരുന്നത്.
അറസ്റ്റിലായ നബീൽ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറൈസാൻ പ്രൊവിൻസ് ( ഐ എസ് – കെ പി ) കേരള അമീറായിരുന്നു. കേരള മൊഡ്യൂൾ രൂപീകരണത്തിന്റെയും, സ്‌ഫോടന പദ്ധതികളുടെയും മുഖ്യ ആസൂത്രകനായ ആഷിഫാണ് നബീലിനെ ഭീകരവാദ പ്രവർത്തനങ്ങളുടെ ഭാഗമാക്കിയത്.
ഐ എസ് – കെ പി യുടെ കേരളം കേന്ദ്രമാക്കിയുള്ള മലയാളി ഐ എസ് ഭീകരവാദ ഗ്രൂപ്പുകൾക്ക് തമിഴ്‌നാട്, കർണാടക തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ പരിശീലന കേന്ദ്രങ്ങളും, ഒളിത്താവളങ്ങളുണ്ടായിരുന്നു.ഇതിന് പുറമെ ആന്ധ്രപ്രദേശിലെയും, തെലുങ്കാനയിലെയും ഭീകരവാദ ഗ്രൂപ്പുകളുമായും ബന്ധമുണ്ടാക്കിയിട്ടുണ്ട്.
കേരളത്തിലെ ഐ എസ് ഗ്രൂപ്പുകളിലുള്ളവർ മറ്റ് സംസ്ഥാനങ്ങളിലെത്തി രഹസ്യ യോഗങ്ങൾക്കും, ആയുധ പരിശീലനത്തിനുമുള്ള കേന്ദ്രങ്ങൾ കണ്ടെത്തുകയായിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പി എഫ് ഐ സ്ലീപ്പർ സെല്ലുകളും ഇവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. തൃശൂരും, പാലക്കാടും നടന്ന രഹസ്യ യോഗങ്ങളിൽ പങ്കെടുത്തവരെല്ലാം കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് നടന്ന രഹസ്യ യോഗങ്ങളിലും പങ്കെടുത്തിട്ടുണ്ട്. വ്യാജരേഖകളിൽ ചെന്നൈ വിമാനത്താവളം വഴി നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ പിടിയിലായ സെയ്ത് നബീൽ അഹമ്മദും ഇത്തരം യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
Comments