കോഴിക്കോട്: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് കേന്ദ്രസംഘം നാളെ കോഴിക്കോട് എത്തും. സംസ്ഥാന സർക്കാരുമായി ചേർന്ന് നിപ ബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിദഗ്‌ദ്ധരടങ്ങുന്ന മൂന്ന് സംഘങ്ങൾ കേരളത്തിലെത്തുക. എന്നാൽ സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച വിവരം ഇതുവരെയും കേരളത്തെ അറിയിച്ചില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പ്രതികരിച്ചു. പൂനെ വൈറോളജി ലാബിലെ പരിശോധന ഫലം ലഭിച്ചിട്ടില്ല. പ്രോസസ് തുടരുകയാണെന്നാണ് ലാബിൽ നിന്നും അറിയിച്ചത്. മാദ്ധ്യമങ്ങളിൽ വന്ന വാർത്തയെ തുടർന്നാണ് നിപ സ്ഥിരീകരിച്ച വിവരം അറിഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിൽ കോഴിക്കോട് റീജിയണൽ ഐഡിവിആർഎൽ ലാബിലും ആലപ്പുഴ എൻഐവി കേരളയിലും നിപ വൈറസ് ബാധ പരിശോധിക്കാൻ സ്ഥിരീകരിക്കാൻ സാധിക്കും. തിരുവനന്തപുരം തോന്നയ്‌ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിലും നിപ വൈറസ് പരിശോധിക്കാൻ സജ്ജമാണ്. അത്യന്തം അപകടകരമായ വൈറസായതിനാൽ ഐസിഎംആർ എൻഐവി മാർഗ നിർദേശമനുസരിച്ച് ഒരിടവേളയ്‌ക്ക് ശേഷം ഔട്ട്ബ്രേക്ക് വരികയാണെങ്കിൽ എവിടെ പരിശോധിച്ചാലും എൻഐവി പൂനൈയിൽ നിന്നുള്ള സ്ഥിരീകരണം വന്നതിന് ശേഷം മാത്രമേ ഡിക്ലയർ ചെയ്യാൻ പാടുള്ളൂ. ഐസിഎംആറിന്റെ ഈ നിർദേശം ഉള്ളത് കാരണമാണിത്. അതിന് ശേഷം ഇവിടത്തെ ലാബുകളിൽ തന്നെ സ്ഥിരീകരിക്കാൻ സാധിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്.
കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡ്യവ്യയാണ് കോഴിക്കോട്ടെ രണ്ട് മരണങ്ങളും നിപ വൈറസ് ബാധ മൂലമാണെന്ന് സ്ഥിരീകരിച്ചത്. സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ സംസാരിച്ചു. നിപയെ നേരിടാനായി ഓസ്ട്രേലിയയിൽ നിന്ന് മരുന്ന് കേരളത്തിൽ എത്തിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു.
Comments