ഒട്ടാവോ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന ഭീഷണിയുമായി കാനഡയിലെ ഖാലിസ്ഥാൻ ഭീകരർ. ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യയിലെത്തിയപ്പോഴായിരുന്നു ഖാലിസ്ഥാൻ ഭീകരരുടെ വധഭീഷണി. വാൻകൂവറിലെ ഗുരു നാനാക് സിംഗ് ഗുരുദ്വാരയിലെ ഖാലിസ്ഥാനി ഹിതപരിശോധനയ്‌ക്കിടയാണ് നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ (എസ്എഫ്ജെ) തലവൻ ഗുർപത്വന്ത് സിംഗ് പന്നൂവിന്റെ പരസ്യ വധഭീഷണി.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നീ നേതാക്കൾക്കെതിരെയാണ് പന്നുവിന്റെ വധഭീഷണി. രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയെ ഖാലിസ്ഥാനാക്കുമെന്നും ഭീകരൻ അവകാശപ്പെട്ടു . ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയവർക്കുള്ള സന്ദേശമാണിത്. ഞങ്ങൾ നിങ്ങളെ തേടി വരുമെന്നുമായിരുന്നു പന്നൂവിന്റെ ഭീഷണി. ഇന്ത്യൻ പ്രധാനമന്ത്രി അടക്കമുളള ഭരണകർത്താകളെ വധിക്കുമെന്ന ഖാലിസ്ഥാൻ ഭീകരരന്റെ പരസ്യ കൊലവിളിയുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മരണപ്പെട്ടുവെന്ന കരുതിയ ഗുർപത്വന്ത് സിംഗ് വളരെ നാളുകൾക്ക് ശേഷമാണ് പൊതു വേദിയിൽ പ്രത്യക്ഷപ്പെടുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് ഇയാൾ ഗുരുദ്വാരയിലെത്തിയത്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ രണ്ട് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ട ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഹിതപരിശോധന സംഘടിപ്പിച്ചത്. ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സിന്റെ (കെടിഎഫ്) തലവനായിരുന്ന നിജ്ജാർ, ഇന്ത്യ പുറത്തുവിട്ട നിയുക്ത ഭീകരരുടെ പട്ടികയിലും ഉൾപ്പെട്ടിരുന്നു.
















Comments