ഗുജറാത്ത്: പാകിസ്താനിൽ നിന്നുള്ള ഹിന്ദു അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം. അഹമ്മദാബാദ് ജില്ലാ അധികൃതർ പാകിസ്താനിൽ നിന്ന് ഇന്ത്യയിലെത്തി ഇവിടെ താമസിക്കുന്ന 108 ഹിന്ദു അഭയാർത്ഥികൾക്കാണ് ചൊവ്വാഴ്ച ഇന്ത്യൻ പൗരത്വം നൽകിയത്. ജില്ലാ കളക്ടറുടെ ഓഫീസിൽ നടന്ന ചടങ്ങിൽ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘ്‌വി ഇവർക്ക് പൗരത്വ സർട്ടിഫിക്കറ്റ് കൈമാറി.
വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിലേക്ക് കുടിയേറിയ അഭയാർത്ഥികളാണ് ഇവർ. പൗരത്വ നിയമത്തിന്റെ പ്രതിസന്ധി മൂലം ഇതുവരെ ഇവർക്ക് പൗരത്വം ലഭിച്ചിരുന്നില്ല. എന്നാൽ നിയമത്തിൽ ഭേദഗതി ചെയ്തതോടെ ഇവരുടെ അപേക്ഷകളിൽ തീരുമാനമാവുകയായിരുന്നു. ഇന്ത്യൻ പൗരന്മാരായി മാറിയതിന് അവരെ അഭിനന്ദിച്ച സംഘ്‌വി, ‘പുതിയ ഇന്ത്യ കെട്ടിപ്പടുക്കാൻ’ സ്വയം പ്രതിജ്ഞാബദ്ധരാകണമെന്ന് അവരെ ഉദ്‌ബോധിപ്പിച്ചു. അഭയാർത്ഥികളെ സാധ്യമായ എല്ലാ വിധത്തിലും സഹായിക്കാനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇതുവരെ 1,149 പാകിസ്താൻ ഹിന്ദുക്കൾക്ക് അഹമ്മദാബാദ് ജില്ലാ കളക്ടറേറ്റ് ഇന്ത്യൻ പൗരത്വം നൽകിയിട്ടുണ്ടെന്ന് സംഘ്‌വി പറഞ്ഞു. 2016ലെയും 2018ലെയും ഗസറ്റ് വിജ്ഞാപനങ്ങൾ പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ന്യൂനപക്ഷ സമുദായങ്ങളിലെ ജനങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകാൻ സാഹായിക്കും. നരേന്ദ്രമോദി സർക്കാരിന്റെ ഭരണനേട്ടമായാണ് അഭയാർത്ഥികൾ ഇതിനെ കാണുന്നത്.
Comments