തിരുവന്തപുരം: സംസ്ഥാനത്ത് നിപ പടരുന്ന സാഹചര്യത്തിൽ വവ്വാൽ സർവ്വേ നടത്താൻ തീരുമാനം. ഇന്നു മുതൽ സർവ്വേ ആരംഭിക്കും. ഇതിനായി കേന്ദ്രത്തിൽ നിന്നും വിദഗ്ധ സംഘം കേരളത്തിൽ എത്തും. രോഗം ബാധിച്ച വവ്വാലുകളെ കണ്ടെത്താനുള്ള നീക്കങ്ങളാണ് അധികൃതർ നടത്തുന്നത്.
ഇതുവരെ നാല് പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ചികിത്സയിൽ കഴിയുന്ന രണ്ടു പേർക്കും മരിച്ച രണ്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ലാബിൽ നിന്നും ലഭിച്ച സാമ്പിൾ പരിശോധന ഫലം കിട്ടിയതിനു പിന്നാലെയാണ് ആരോഗ്യ മന്ത്രി ഈ കാര്യം അറിയിച്ചത്.
വവ്വാലുകൾ കടിച്ച പഴങ്ങൾ കഴിക്കുന്നതിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് എത്തുന്നത്. വവ്വാലിന്റെ കടിയേൽക്കുന്ന മൃഗങ്ങളിൽ നിന്നും മറ്റു മൃഗങ്ങളിലേക്കും, സ്രവങ്ങളിലൂടെ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കുമാണ് വൈറസ് പകരുന്നത്. മാസ്‌ക് കൃത്യമായി ഉപയോഗിക്കുക, കൈകൾ വൃത്തിയായി കഴുകുക, സാമൂഹിക അകലം പാലിക്കുക, ആൽക്കഹോൾ അടങ്ങിയ സാനിടൈസർ ഉപയോഗിച്ച് കൈകൾ ഇടയ്‌ക്കിടെ വൃത്തിയാക്കുക, രോഗിയുമായി 1 മീറ്റർ അകലം പാലിക്കുക, രോഗി ഉപയോഗിച്ച വസ്തുക്കൾ തൊടുമ്പോൾ പ്രത്യേകം സൂക്ഷിക്കുക തുടങ്ങിയ മുൻ കരുതലുകളും ഇതിനകം സംസ്ഥാനത്ത് പുറപ്പെടുവിച്ചിട്ടുണ്ട്.
Comments