എറണാകുളം: കടമക്കുടിയിൽ നാലംഗ കുടുംബം ജീവനൊടുക്കിയത് കടുത്ത സാമ്പത്തിക ബാദ്ധ്യതയെ തുടർന്നെന്ന് തെളിയ്‌ക്കുന്ന ആത്മഹത്യ കുറിപ്പ് പുറത്ത്. കടമക്കുടി സ്വദേശി നിജോ (39), ഭാര്യ ശിൽപ(32), മക്കളായ ഏബൽ (7) ആരോൺ (5) എന്നിവരാണ് മരിച്ചത്. രണ്ട് ആൺകുട്ടികളെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അച്ഛനും അമ്മയും തൂങ്ങി മരിക്കുകയായിരുന്നു.
ഇന്നലെ പുലർച്ചെയോടെയാണ് സംഭവം നടന്നത്. രാവിലെ ഏഴരയോടെ തറാവാട്ടുവീടിന്റെ മുകൾനിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടെന്നും ആരും സഹായിക്കുന്നില്ലെന്നും സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പ് പോലീസിന് ലഭിച്ചു. ശില്പ ഇന്നലെ ഇറ്റലിയിലേക്ക് പോവുകയാണെന്നാണ് ബന്ധുക്കളെ വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ കെട്ടിടനിർമ്മാണ തൊഴിലാളിയും ആർട്ടിസ്റ്റുമായ നിജോയെ ഫോണിൽ വിളിച്ചിട്ടു കിട്ടാത്തതിനെ തുടർന്ന് സുഹൃത്ത് വീട്ടിലേക്ക് തിരഞ്ഞെത്തി. ഈ സമയം നിജോയെ ഹാളിൽ ഫാനിലും ശില്പയെ സീലിംഗിലെ ഹുക്കിലും തൂങ്ങിയ നിലയിലാണ് കണ്ടത്.
താഴത്തെ നിലയിൽ താമസിക്കുന്ന സഹോദരൻ ടിജോയെ വിളിച്ചുവരുത്തി വാതിൽ ചവിട്ടിത്തുറന്ന് കയറിയപ്പോൾ മക്കളെ കട്ടിലിൽ മരിച്ചനിലയിൽ കണ്ടെത്തി. മകൻ ഏയ്ബലിന്റെ കഴുത്തിൽ കൈകൊണ്ട് ഞെരിച്ച പാടുണ്ട്. ശില്പയുടെ മുഖത്ത് കുട്ടിയുടേതെന്ന് കരുതുന്ന നഖപ്പാടുകളുമുണ്ട്. കുട്ടികളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സൂചന. തുണ്ടത്തുംകടവ് ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂൾ വിദ്യാർത്ഥികളാണ് ഏയ്ബലും ആരോണും.
ഇൻക്വിസ്റ്റ് നടപടികൾക്ക് ശേഷം ഇന്നലെ തന്നെ വരാപ്പുഴ പോലീസ് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. സംസ്കാരം ഇന്ന് രാവിലെ കടമക്കുടി സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ നടന്നു.
പത്ത് വർഷം മുമ്പാണ് നിജോയും ശില്പയും വിവാഹിതരായത്. തുടർന്ന് തറവാട്ടു വീട്ടിൽ തന്നെയായിരുന്നു താമസം. എന്നാൽ സഹോദരൻ ടിജോ വിവാഹിതനായശേഷം അമ്മയുടെ നിർദ്ദേശപ്രകാരം ഇരുവരും മുകൾ നിലയിലേക്ക് മാറി. മുകൾ നില താമസയോഗ്യമാക്കാൻ വായ്പ എടുത്തിരുന്നു. ഈ കടം തീർക്കാൻ 2018-ൽ ശില്പ ഇറ്റലിക്ക് പോകാനായി സ്വർണം വിറ്റും കടംവാങ്ങിയും അഞ്ച് ലക്ഷത്തിലധികം രൂപ കൊടുങ്ങല്ലൂരിലെ റിക്രൂട്ടിംഗ് ഏജൻസിക്ക് നൽകി. വിസാ നടപടിയെല്ലാം പൂർത്തിയായ സമയത്താണ് കൊവിഡ് വ്യാപിച്ചത്. അതോടെ യാത്ര മുടങ്ങിയത് വലിയ പ്രതിസന്ധിക്ക് കാരണമായി.
ഇതോടെ വടുതലയിലെ പ്രസിൽ ജോലി ചെയ്തുവരികയായിരുന്നു ശില്പ. പിന്നാലെ ഏജന്റിനെ വിശ്വസിച്ച് ഒരു മാസം മുമ്പാണ് ശില്പ ഇറ്റലിയിലേക്ക് തിരിച്ചത്. എന്നാൽ ചില രേഖകളില്ലാത്തതിനാൽ അബുദാബിയിൽ യാത്ര തടസപ്പെട്ട് തിരിച്ചുപോന്നു. രേഖകൾ ശരിയാക്കിയെങ്കിലും ഏജന്റ് കാര്യമായി ഇടപെട്ടില്ല. ഇത് നിജോയെയും ശില്പയെയും തളർത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം വീണ്ടും ഇറ്റലിയിലേക്ക് പോവുകയാണെന്ന് ബന്ധുക്കളോട് പറയുകയും വസ്ത്രങ്ങളും മറ്റും പെട്ടിയിലാക്കുകയും ചെയ്തിരുന്നു. രാത്രി 12വരെ നിജോയും ശില്പയും സംസാരിക്കുന്നത് കേട്ടതായി അയൽവാസികൾ പറഞ്ഞു. ഇവർക്ക് അഞ്ച് ലക്ഷം രൂപയുടെ കടം മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് സഹോദരൻ പോലീസ് നൽകിയ മൊഴി.
Comments