ന്യൂഡൽഹി: രാജ്യത്തെ സാധാരണക്കാരുടെ ഉന്നമനത്തിനായി ഉജ്ജ്വലയോജന പദ്ധതി വർദ്ധിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. 75 ലക്ഷം എൽപിജി കണക്ഷനുകൾ 2026 ആകുമ്പോഴേക്കും സൗജന്യമായി നൽകും. ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അനുരാഗ് ഠാക്കൂർ ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നൽകുന്ന അധിക എൽപിജി കണക്ഷനുകൾക്ക് 1650 കോടിയാണ് സർക്കാർ നൽകുക. നിലവിലെ ഉജ്ജ്വല യോജന പ്രകാരം പുതിയ ഉപഭോക്താകൾക്കും ആദ്യ റീഫിൽ, സ്റ്റൗ എന്നിവയും സിലിണ്ടറിനൊപ്പം സൗജന്യമായി നൽകും.
‘ഇന്ന് രണ്ട് സുപ്രധാന പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. 2026 വരെ 75 ലക്ഷം എൽപിജി കണക്ഷനുകൾ സൗജന്യമായി നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഉജ്ജ്വല യോജന പദ്ധതിയുടെ ഗുണം കൂടുതൽ ആളുകളിലേയ്‌ക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണിത്. 75 ലക്ഷം ഉജ്ജ്വല കണക്ഷനുകൾ കൂടി നൽകുന്നതോടെ പിഎംയുവൈ പദ്ധതിപ്രകാരമുളള ഗുണഭോക്താക്കളുടെ എണ്ണം 10.35 കോടിയായി ഉയരും’. കേന്ദ്രമന്ത്രി പറഞ്ഞു.
2016 മെയ്യിലാണ് ബിപിഎൽ കുടുംബങ്ങളിലെ സ്ത്രീകൾക്ക് എൽപിജി കണക്ഷൻ നൽകുന്നതിനായി പ്രധാനമന്ത്രി ഉജ്ജ്വല യോജന ആരംഭിച്ചത്.
രണ്ടാഴ്ച മുമ്പ് ഗ്യാസ് സിലിണ്ടറിന്റെ വില കേന്ദ്രസർക്കാർ 200 രൂപ കുറച്ചിരുന്നു.















