കോഴിക്കോട്: നിപ ബാധയെ തുടർന്ന് കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും രണ്ട് ദിവസത്തേക്ക് അവധി. ജാഗ്രതാ മുൻകരുതലുകളുടെ ഭാഗമായാണ് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 14, 15 തീയതികളിൽ കോഴിക്കോട് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
അങ്കണവാടി, മദ്രസകൾ എന്നിവയും പ്രവർത്തിക്കരുതെന്ന് നിർദ്ദേശമുണ്ട്. അവധി നൽകിയതിനാൽ ഈ ദിവസങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ ഒരുക്കാം. അതേസമയം, യൂണിവേഴ്സിറ്റി പരീക്ഷകളിൽ മാറ്റം വരുത്തിയിട്ടില്ല. കോഴിക്കോട്ട് ആരോഗ്യ പ്രവർത്തകനും നിപ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കനത്ത ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ നാല് പഞ്ചായത്തുകളിലെ 11 വാർഡുകൾ കൂടി കണ്ടെയിൻമെന്റ് സോണായും പ്രഖ്യാപിച്ചിട്ടുണ്ട്. 7 പഞ്ചായത്തുകൾക്ക് പുറമെ തിരുവളളൂർ, കായക്കൊടി, ചങ്ങരോത്ത്, പുറമേരി എന്നീ പഞ്ചായത്തുകളെ കൂടിയാണ് ഏറ്റവുമൊടുവിൽ കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ 706 പേരാണ് രോഗികളുടെ സമ്പർക്ക പട്ടിക ഉൾപ്പെട്ടിട്ടുള്ളത്.
Comments