ഡൽഹി: തങ്ങളെ ചോദ്യങ്ങൾ ചോദിച്ച് വെള്ളം കുടിപ്പിക്കുമെന്ന് ഉറപ്പുള്ള ചാനൽ അവതാരകരെ ബഹിഷ്കരിക്കാൻ ഒരുങ്ങിയിരിക്കുകയാണ് പ്രതിപക്ഷ പാർട്ടികളുടെ ഇൻഡി സഖ്യം. ശത്രുതാ മനോഭാവം വെച്ചുപുലർത്തുന്ന ചാനൽ അവതാരകരെയാണ് ബഹിഷ്കരിക്കുന്നതെന്നാണ് സഖ്യത്തിന്റെ വാദം. തങ്ങൾ ബഹിഷ്കരിക്കാൻ ഉദ്ദേശിക്കുന്ന 14 ടെലിവിഷൻ വാർത്താ അവതാരകരുടെ പട്ടികയും പ്രതിപക്ഷ പാർട്ടികൾ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ, ഇൻഡി സഖ്യത്തിന്റെ നിലപാടിനെ ശക്തമായ ഭാഷയിൽ വിമർശിച്ച് രംഗത്തു വന്നിരിക്കുകയാണ് ബിജെപി. മാദ്ധ്യമങ്ങളെ ഭീഷണിപ്പെടുത്തിയ ചരിത്രമാണ് കോൺഗ്രസിന് എക്കാലത്തും അവകാശപ്പെടാനുള്ളതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ തുറന്നടിച്ചു.
മാദ്ധ്യമങ്ങളെ ഭീഷണിപ്പെടുത്തുകയും വ്യത്യസ്ത വീക്ഷണമുള്ളവരെ നിശബ്ദരാക്കുകയും ചെയ്ത നിരവധി സംഭവങ്ങൾ കോൺഗ്രസിന്റെ ചരിത്രത്തിലുണ്ട്. പണ്ഡിറ്റ് നെഹ്‌റു അഭിപ്രായ സ്വാതന്ത്ര്യം വെട്ടിക്കുറച്ചു, തന്നെ വിമർശിച്ചവരെ അറസ്റ്റ് ചെയ്തു. എന്നിരുന്നാലും ഇക്കാര്യത്തിൽ ഇന്ദിരാ ഗാന്ധിയാണ് സ്വർണ്ണ മെഡൽ ജേതാവായി തുടരുന്നത്. ഭയാനകമായ അടിയന്തരാവസ്ഥ ഏർപ്പെടുത്തുകയാണ് ഇന്ദിരാ ഗാന്ധി ചെയ്തത്. മാദ്ധ്യമങ്ങളെ ഭരണകൂട നിയന്ത്രണത്തിൽ കൊണ്ടുവരാൻ രാജീവ് ഗാന്ധി ശ്രമിച്ചു, പക്ഷേ ദയനീയമായി പരാജയപ്പെട്ടു. സോണിയയുടെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നത് ഇഷ്ടപ്പെടാത്തതിനാൽ നിരോധിക്കുകയായിരുന്നു-ജെപി നദ്ദ പറഞ്ഞു.
മാദ്ധ്യമങ്ങൾക്കെതിരെ ഇൻഡി സഖ്യം സ്വീകരിച്ച നടപടി അടിയന്തരാവസ്ഥ 2.0 ആണെന്നായിരുന്നു കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ വിമർശിച്ചത്. അവർക്ക് ജനാധിപത്യത്തിൽ യാതൊരു തരത്തിലുമുള്ള വിശ്വാസമില്ലെന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നതെന്നും മാദ്ധ്യമങ്ങളുടെ വായടപ്പിക്കാനാണ് പ്രതിപക്ഷ സഖ്യം ആഗ്രഹിക്കുന്നതെന്നും അനുരാഗ് ഠാക്കൂർ ചൂണ്ടിക്കാണിച്ചു. അർണാബ് ഗോസ്വാമി, നവിക കുമാർ ഉൾപ്പെടെ ഒൻപത് ചാനലുകളിലെ 14 പേരെയാണ് ഇൻഡി സഖ്യം ബഹിഷ്കരിച്ചത്.
















Comments