ദുബായിൽ നിന്ന് കേരളത്തിലേക്ക് ഒരു കപ്പൽ യാത്ര; ഒരാൾക്ക് 200 കിലോ ലഗേജ് കൊണ്ടുപോകാൻ അവസര: യാത്ര വെറും മൂന്ന് ദിവസം മാത്രം, ടിക്കറ്റ് വില 10,000 രൂപ

Published by
Janam Web Desk

ദുബായിൽ നിന്നും കേരളത്തിലേക്കുള്ള യാത്രകപ്പലിന് അനുമതി ലഭിച്ചാൽ പ്രവാസികൾക്ക് വമ്പൻ ലാഭം. ദുബായിൽ നിന്ന് കൊച്ചിയിലേക്കും ബേപ്പൂരിലേക്കും ഉള്ള യാത്രാ കപ്പലിന്റെ അനുമതി ഇന്ത്യൻ സർക്കാരിൽ നിന്നും ലഭിച്ചാൽ ഡിസംബറിൽ ആദ്യ സർവ്വീസ് ആരംഭിക്കും. ആദ്യം പരീക്ഷണ സർവീസാണ് നടത്തുക. ഇത് വിജയിച്ചാൽ മാസത്തിൽ രണ്ട് ട്രിപ്പുകൾ നടത്താനാണ് പദ്ധതി.

വൺവേ ടിക്കറ്റിന് പതിനായിരം രൂപയാണ്. 200 കിലോ ഗ്രാം ലഗേജ് ഒരു യാത്രക്കാരന് കപ്പലിൽ കൊണ്ടു പോകാൻ അനുമതിയുണ്ട്. വിഭവസമൃദ്ധമായ ഭക്ഷണം, വിനോദപരിപാടികൾ എന്നിവ കപ്പൽയാത്രയിൽ ഉണ്ടായിരിക്കുന്നതാണ്. ദുബായിൽ നിന്നും കേരളത്തിലെത്താൻ മൂന്ന് ദിവത്തെ യാത്രയാണ് വേണ്ടി വരുന്നത്. പദ്ധതിക്ക് നേത‍ൃത്വം നൽകുന്നത് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.വൈ.എ.റഹീമാണ്.

എല്ലാവിഭ സൗകര്യങ്ങളോട് കൂടിയുള്ള കപ്പലാണ് സർവ്വീസിന് ഉപയോ​ഗിക്കുന്നത്. മറ്റൊരു സംസ്ഥാനത്തിന് വേണ്ടി കൊച്ചിയിൽ നിർമാണം പൂര്‍ത്തിയാക്കിയ കപ്പലാണ് ദുബായ്–കേരള സർവീസിനായി ഉപയോ​ഗിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 125 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന കപ്പലാണിത്. കാർഗോ കമ്പനികളുമായി ചേർന്നാണ് സർവീസ് ഏർപ്പെടുത്തുന്നത്. അതിനാലാണ് ടിക്കറ്റ് 10,000 രൂപയ്‌ക്ക് നൽകാൻ സാധിക്കുന്നത്.

അതേസമയം, ഈ പദ്ധതി യാഥാർഥ്യമാക്കുന്നതിന് ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യ, ഇന്ത്യൻ അസോസിയേഷൻ ഷാർജ, ആനന്ദപുരം ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുൾപ്പെടെ വിവിധ പങ്കാളികളുമായി മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ ചർച്ചകൾ നടത്തിവരുന്നു. ‌ഇന്ത്യൻ അസോസിയേഷൻ ഷാർജയും ആനന്ദപുരം ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡും തമ്മിൽ ഒരു കൺസോർഷ്യം രൂപീകരിക്കാനുള്ള തീരുമാനത്തിലെത്തിച്ചേർന്നിട്ടുണ്ട്. ആറ് മാസത്തെ ഓപറേഷൻ പാസഞ്ചർ കപ്പൽ ചാർട്ടർ ചെയ്തുകൊണ്ട് പാസഞ്ചർ ക്രൂയിസ് കപ്പൽ പ്രവർത്തനം ആരംഭിക്കുക എന്നതാണ് ഈ കൺസോർഷ്യത്തിന്റെ കാഴ്ചപ്പാട്.

Share
Leave a Comment