ഇന്ത്യയിലെ ടെലികോം കമ്പനികൾക്ക് മുന്നറിയിപ്പുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. ട്രായി പുതി റെഗുലേറ്ററി ഉത്തരവ് പുറത്തിറക്കി. ഉപഭോക്താക്കളിൽ നിന്നും അധികമായി തുക ഈടാക്കുന്നുവെന്ന് ഓഡിറ്റിൽ കണ്ടെത്തുകയാണെങ്കിൽ കമ്പനികൾ അത് തിരികെ നൽകണമെന്നാണ് ട്രായി പുറത്തു വിട്ട ഉത്തരവിൽ പറയുന്നത്. ടെലികോം കമ്പനികളിലെ ഓഡിറ്റുമായി ബന്ധപ്പെട്ട പുതിയ നിർദ്ദേശത്തിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്.
ട്രായി പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം ടെലികോം കമ്പനികൾ തങ്ങളുടെ വരിക്കാരിൽ നിന്നും അമിത നിരക്ക് ഈടാക്കിയതായി ഓഡിറ്റിൽ നിന്നും വ്യക്തമാകുകയാണെങ്കിൽ ഈ സാഹചര്യത്തിൽ കമ്പനി പണം തിരികെ നൽകേണ്ടതായി വരും. ഉപഭോക്താവിൽ നിന്നും അധിക തുക ഈടാക്കി എന്നത് സംബന്ധിച്ച് സ്ലിപ് ലഭിച്ചാൽ മൂന്ന് മാസത്തിനുള്ളിൽ പണം റീഫണ്ട് നൽകണം എന്നാണ് ഉത്തരവിൽ പറയുന്നത്.
2023 സെപ്റ്റംബർ 11-ലെ ‘ക്വാളിറ്റി ഓഫ് സർവീസ് (മീറ്ററിംഗിനും ബില്ലിംഗ് കൃത്യതയ്‌ക്കും വേണ്ടിയുള്ള പ്രാക്ടീസ് കോഡ് ) റെഗുലേഷൻസ്, 2023-ന്റെ ഭാഗമാണ് പുതിയ നടപടി. ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കുന്നതിൽ ടെലികോം കമ്പനികൾ പരാജയപ്പെടുകയാണെങ്കിൽ കനത്ത പിഴ നേരിടേണ്ടതായി വരും. ഒരു റിപ്പോർട്ടിന് 50 ലക്ഷം രൂപ വരെ പിഴ ചുമത്തിയേക്കാം. കൂടാതെ ഇഷ്ടമുള്ളവരെ കൊണ്ട് ഓഡിറ്റ് ചെയ്യിക്കാനും സാധിക്കില്ല. തിരഞ്ഞെടുത്ത ഓഡിറ്റർമാരുടെ ഒരു പാനൽ ട്രായി ശുപാർശ ചെയ്തിട്ടുണ്ട്. ഈ പാനലിൽ ഉള്ള ഓഡിറ്റർമാർക്കാണ് അക്കൗണ്ട് ഓഡിറ്റ് ചെയ്യാൻ സാധിക്കുക.
Comments