ന്യൂഡൽഹി: വിവിധ വാര്‍ത്താ ചാനൽ അവതാരകരെ ബഹിഷ്കരിച്ച ഇൻഡി സഖ്യത്തിനെതിരെ ബിജെപി. പ്രതിപക്ഷത്തിന്റെത് ഭീഷണിപ്പെടുത്തൽ തന്ത്രമാണെന്നും അടിയന്തരാവസ്ഥാ മനോഭാവമാണെന്നും ബിജെപി പറഞ്ഞു. നടപടി പ്രതിപക്ഷത്തിന്റെ അടിച്ചമര്‍ത്തലും സേച്ഛാധിപത്യ ചിന്തഗതിയുമാണ് പ്രതിഫലിപ്പിക്കുന്നത്. മാദ്ധ്യമപ്രവര്‍ത്തകരെ ബഹിഷ്‌കരിക്കാനും ഭീഷണിപ്പെടുത്താനും ധിക്കാരപരമായ സഖ്യത്തില്‍ ഏര്‍പ്പെട്ട ഇൻഡി സഖ്യത്തിൽപെട്ട പാര്‍ട്ടികളുടെ തീരുമാനം അങ്ങേയറ്റം അപലപനീയമാണ്. അത് അവരുടെ അടിച്ചമര്‍ത്തലും ഏകാധിപത്യ ചിന്താഗതിയും പ്രതിഫലിപ്പിക്കുന്നു. സഖ്യത്തിന്റെ ഈ മോശം ചിന്താഗതിയെ ബിജെപി ശക്തമായി അപലപിക്കുന്നു എന്നായിരുന്നു ബിജെപിയുടെ പ്രസ്താവന.
വിവിധ ചാനലുകളിൽ വാർത്താ പരിപാടി അവതരിപ്പിക്കുന്ന 14 ടെലിവിഷൻ അവതാരകരുമായി സഹകരിക്കില്ലെന്നാണ് ഇൻഡി സഖ്യം കഴിഞ്ഞ ദിവസം തീരുമാനമെടുത്തത്. വിലക്കിയ അവതാരകര്‍ അവതരിപ്പിക്കുന്ന പരിപാടികളിലേക്ക് തങ്ങളുടെ പ്രതിനിധികളെ അയക്കില്ലെന്നാണ് ഇൻഡി സഖ്യം കഴിഞ്ഞ ദിവസം അറിയിച്ചത്. തങ്ങളുടെ പട്ടികയിലുള്ള ഒൻപത് ചാനലുകളിലെ 14 അവതാരകര്‍ നയിക്കുന്ന ചർച്ചകളിലോ വാർത്താപരിപാടികളിലോ ഇൻഡി സഖ്യത്തിന്റെ പ്രതിനിധികള്‍ പങ്കെടുക്കില്ല. സെപ്തംബര്‍ 13-ന് ചേര്‍ന്ന ആദ്യ ഏകോപന സമിതി യോഗത്തിലാണ് പ്രതിപക്ഷ സഖ്യം വാര്‍ത്താ ചാനല്‍ അവതാരകരെ ബഹിഷ്‌കരിക്കാനുള്ള തീരുമാനം എടുത്തത്. ബഹിഷ്കരിച്ചിരിക്കുന്ന അവതാരകരെ മാസങ്ങളോളം തങ്ങളുടെ മീഡിയ കമ്മിറ്റി നിരീക്ഷിക്കുമെന്നും പ്രശ്നമില്ലെന്ന് തോന്നിയാൽ ബഹിഷ്കരണം പിൻവലിക്കും എന്നും സഖ്യം പറഞ്ഞിരുന്നു.
റിപ്പബ്ലിക് ഭാരത് അവതാരകൻ അര്‍ണാബ് ഗോസ്വാമി, ടൈംസ് നൗ നവഭാരതിലെ നവിക കുമാര്‍, സുശാന്ത് സിന്‍ഹ, ന്യൂസ് 18-ലെ അമന്‍ ചോപ്ര, അമീഷ് ദേവ്ഗണ്‍, ആനന്ദ് നരസിംഹന്‍, ഭാരത് എക്സ്പ്രസിന്റെ അദിതി ത്യാഗി, ഡിഡി ന്യൂസിലെ അശോക് ശ്രീവാസ്തവ്, ആജ് തക്കിലെ സുധീര്‍ ചൗധരി, ചിത്രാ ത്രിപാഠി, ഭാരത്24-ലെ റൂബിക ലിയാഖത്ത്, ഇന്ത്യ ടുഡേയിലെ ഗൗരവ് സാവന്ത്, ശിവ് അരൂര്‍, ഇന്ത്യ ടിവിയിലെ പ്രാചി പരാശര്‍ എന്നീ അവതാരകരെയാണ് പ്രതിപക്ഷ സഖ്യം ബഹിഷ്‌കരിച്ചിരിക്കുന്നത്.
Comments