ഇന്ന് ദേശീയ എൻജിനീയേഴ്സ് ദിനം. രാജ്യമെമ്പാടും ദേശീയ എൻജിനീയേഴ്സ് ദിനം ആഘോഷിക്കുന്നു. എം. വിശ്വേശ്വരയ്യ എന്ന മോക്ഷഗുണ്ടം വിശ്വേശ്വരയ്യയുടെ ജന്മദിനമാണ് ദേശീയ എൻജിനീയേഴ്സ് ദിനമായി ആചരിക്കുന്നത്. ഭാരതം കണ്ട മികച്ച പ്രായോഗിക ബുദ്ധിയുള്ള എൻജിനീയർ ആയിരുന്നു എം. വിശ്വേശ്വരയ്യ. ലളിതമായ വിദ്യകളിലൂടെ ദുഷ്‌കരമായ വിവിധ എൻജിനീയറിംഗ് പദ്ധതികൾ അദ്ദേഹം പ്രയോഗിച്ചു കാണിച്ചു. കൂടാതെ മികച്ച രാജ്യതന്ത്രജ്ഞനുമായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ആസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന എം. വിശ്വേശ്വരയ്യ ആധുനിക മൈസൂരിന്റെ ശില്പി കൂടിയാണ്.
ഇന്ന് ഭാരതത്തിൽ കാണുന്ന പല വലിയ പദ്ധതികളുടെയും ബുദ്ധികേന്ദ്രം സർ എം. വിശ്വേശ്വരയ്യ ആണ്. വിശ്വേശ്വരയ്യയുടെ ഓർമ്മ പുതുക്കുക, എൻജിനീയറിങ് മേഖലയിലെ അർപ്പണ ബോധം ഊട്ടി ഉറപ്പിക്കുക എന്നിവയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. കൊൽക്കത്ത ആസ്ഥാനമായ ഇൻസ്റ്റിട്യൂഷൻ ഓഫ് എൻജിനീയേഴ്‌സിന്റെ നേതൃത്വത്തിലാണ് ഈ ദിനം ആചരിക്കുന്നത്.
1861 സെപ്തംബർ 15-ന് ബെംഗളൂരുവിന് 40 കിലോമീറ്റർ അകലെയുള്ള മുഡ്ഡനഹള്ളി ഗ്രാമത്തിലാണ് വിശ്വേശ്വരയ്യ ജനിച്ചത്. സംസ്‌കൃത പണ്ഡിതനും ഹിന്ദു ധർമ്മ പാരംഗതനും ആയുർവേദ ഡോകറുമായിരുന്ന ശ്രീനിവാസ ശാസ്ത്രിയും വെങ്കച്ചമ്മയുമാണ് വിശ്വേശ്വരയ്യയുടെ മാതാപിതാക്കൾ. സത്യത്തിൽ ആന്ധ്രാ സ്വദേശിയാണ് വിശ്വേശ്വരയ്യ. പ്രകാശം ജില്ലയിലെ ഗിഡ്ഡല്ലൂരിലാണ് മോക്ഷഗുണ്ടം ഗ്രാമം. അവിടെ നിന്ന് നൂറ്റാണ്ടുകൾക്ക് മുൻപ് കർണ്ണാടകത്തിലേക്ക് കുടിയേറിയവരാണ് വിശ്വേശ്വരയ്യയുടെ പൂർവ്വീകർ.
മദ്രാസ് സർവ്വകലാശാലയിൽ നിന്നും 1881-ൽ ബിഎ ബിരുദം നേടിയ വിശ്വേശ്വരയ്യ പുനെയിലെ കോളേജ് ഓഫ് സയൻസിൽ നിന്ന് സിവിൽ എൻജിനീയറിംഗിൽ ബിരുദം നേടി. ബിരുദത്തിന് ശേഷം മുംബൈയിലെ പൊതുമരാമത്ത് വകുപ്പിലാണ് അദ്ദേഹം ആദ്യം ജോലിയ്‌ക്ക് ചേർന്നത്. പിന്നീട് ഇന്ത്യൻ ഇറിഗേഷൻ കമ്മീഷനിലേക്ക് മാറി. അവിടെ ജോലിയിലിരിക്കെയാണ് ഡെക്കാൺ പീഢഭൂമിയ്‌ക്ക് പറ്റിയ സവിശേഷമായ ഒരു ജലസേചന സമ്പ്രദായം അദ്ദേഹം ആവിഷ്‌കരിച്ചത്. ഭാരതത്തെ പോലുള്ള ഒരു രാജ്യത്തിന് ചുരുങ്ങിയ ചെലവിൽ ജലസേചനം, റോഡ് നിർമ്മാണം, അഴുക്കുചാൽ നിർമ്മാണം എന്നീ കാര്യങ്ങൾ എങ്ങനെ നടപ്പാക്കാം എന്നദ്ദേഹം നിർദ്ദേശിച്ചു.
1912-ൽ മൈസൂർ ദിവാനായിരുന്നു മോക്ഷഗുണ്ടം വിശ്വേശ്വരയ്യ. മൈസൂരുവിലെ കൃഷ്ണരാജ സാഗർ അണക്കെട്ട് പോലുള്ള മികച്ച നിർമ്മിതികൾ എം. വിശ്വേശ്വരയ്യ യുടെ എൻജിനീയറിംഗ് പ്രാഗത്ഭ്യത്തിന്റെ അടയാളങ്ങളാണ്. പ്രളയക്കെടുതിയിൽ മുങ്ങി പോയ ഹൈദരാബാദ് നഗരത്തെ പുനർ നിർമ്മിക്കുന്നതിനായി നിയോഗിക്കപ്പെട്ട സമിതിയിൽ പ്രധാന എൻജിനീയർമാരിൽ ഒരാൾ വിശ്വേശ്വരയ്യ ആയിരുന്നു.
രാജ്യത്തിന്റെ പ്രധാന നിർമ്മിതികൾക്കെല്ലാം മേൽനോട്ടം വഹിച്ചതിനാൽ രാജ്യം അദ്ദേഹത്തെ ഭാരത രത്‌ന നൽകി ആദരിച്ചിരുന്നു. 1955-ലാണ് രാഷ്‌ട്രം അദ്ദേഹത്തെ ഭാരത രത്‌നം നൽകി ആദരിച്ചത്. കർണ്ണാടകത്തിലെ എല്ലാ എൻജിനീയറിംഗ് കോളേജുകളും ഇന്ന് പ്രവർത്തിക്കുന്നത് വിശ്വേശ്വരയ്യയുടെ പേരിൽ ബെൽഗാമിൽ പ്രവർത്തിക്കുന്ന യൂണിവേഴ്‌സിറ്റിയുടെ കീഴിലാണ് (വിശ്വേശ്വരയ്യ ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി, ബെൽഗാം). കൃഷ്ണരാജ സാഗർ അണക്കെട്ട്, വൃന്ദാവൻ ഗാർഡൻ, മൈസൂർ രാജാവ് അയൺ ആന്റ് സ്റ്റീൽ വർക്സ്-ഭദ്രാവതി, മൈസൂർ സോപ്പ് ഫാക്ടറി, ദി ബാങ്ക് ഓഫ് മൈസൂർ (പിന്നീട് ദി സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ എന്ന് പേര് മാറ്റി) എന്നിവ വിഭാവനം ചെയ്തതും വിശ്വേശ്വരയ്യ ആയിരുന്നു. 1962 ഏപ്രിൽ 12-ന് തൊണ്ണൂറ്റിയൊന്നാം വയസ്സിലാണ് അദ്ദേഹം അന്തരിച്ചത്.
ഇന്ത്യയെ കൂടാതെ, ശ്രീലങ്കയും ടാൻസാനിയയും സെപ്തംബർ 15 ന് എൻജിനീയേഴ്‌സ് ദിനം ആഘോഷിക്കുന്നു. സർ എം വിശ്വേശ്വരയ്യ അതാത് രാജ്യങ്ങളിൽ നൽകിയ സംഭാവനകളെ അനുസ്മരിച്ചു കൊണ്ടാണ് ഇത്. ടാൻസാനിയയിൽ കിഴക്കൻ ആഫ്രിക്കയിലെ ഏറ്റവും വലിയ ജലവൈദ്യുത നിലയങ്ങളിലൊന്നായ ക്യോഗ ജലവൈദ്യുത നിലയം രൂപകല്പന ചെയ്തത് അദ്ദേഹമാണ്. ഒരു കാലത്ത് ആ രാജ്യത്തിന്റെ ഏറ്റവും വലിയ ഊർജ്ജസ്രോതസ്സ് ആ നിലയമായിരുന്നു. ശ്രീലങ്കയിൽ, മേട്ടൂർ അണക്കെട്ട്, കാൻഡി ജലവിതരണ പദ്ധതി, കൊളംബോ തുറമുഖം തുടങ്ങി നിരവധി പദ്ധതികൾ അദ്ദേഹം രൂപകലാപന ചെയ്യുകയും നിർമ്മാണ മേൽനോട്ടം വഹിക്കുകയും ചെയ്തിട്ടുണ്ട്.
Comments