ഷാരോൺ വധക്കേസ്; സഹതടവുകാരുടെ പരാതിയെ തുടർന്ന് ഗ്രീഷ്മയെ ജയിൽ മാറ്റി

Published by
Janam Web Desk

തിരുവനന്തപുരം: സംസ്ഥാനം ഞെട്ടലോടെ കേട്ട പാറശാല ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയെ ജയിൽ മാറ്റി. അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിഞ്ഞിരുന്ന പ്രതിയെ മാവേലിക്കര സ്‌പെഷ്യൽ ജയിലിലേക്കാണ് മാറ്റിയിരിക്കുന്നത്. സഹതടവുകാരുടെ പരാതിയെ തുടർന്നാണ് ഗ്രീഷ്മ ഉൾപ്പെടെ രണ്ട് തടവുകാരെ അട്ടക്കുളങ്ങരയിലെ ജയിലിൽ നിന്നും മാറ്റിയത്. കേസിൽ അറസ്റ്റിലായത് മുതൽ പ്രതി ഗ്രീഷ്മ ഈ ജയിലിലായിരുന്നു കഴിഞ്ഞത്.

തമിഴ്‌നാട് പളുകിലുള്ള വീട്ടിൽ വെച്ച് കഴിഞ്ഞ വർഷം ഒക്ടോബർ 14-നാണ് ഗ്രീഷ്മ കൃത്യം നടത്തിയത്. കാമുകനായിരുന്ന ഷാരോൺ എന്ന യുവാവിന് കഷായത്തിൽ വിഷം കലർത്തി നൽകുകയായിരുന്നു പ്രതി. ശാരീരിക അസ്വാസ്ഥ്യം നേരിട്ട ഷാരോണിനെ പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ദിവസങ്ങളോളം പ്രതിരോധിച്ച് അവസാനം ഒക്ടോബർ 25-ന് ഷാരോൺ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഷാരോണിന്റെ മരണമൊഴിയിൽ പോലും ഗ്രീഷ്മയെ സംശയിക്കുന്ന തരത്തിൽ ഒന്നും ഉണ്ടായിരുന്നില്ല.

പ്രാഥമിക ഘട്ടത്തിൽ പാറശ്ശാല പോലീസ് സാധാരണ മരണമെന്ന നിഗമനത്തിലായിരുന്നു. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഗ്രീഷ്മയുടെ പങ്ക് വ്യക്തമാകുന്നത്. പ്രതിയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മല കുമാരൻ എന്നിവരും കേസിൽ പ്രതികളാണ്. മറ്റൊരാളെ വിവാഹം കഴിക്കുന്നതിന് വേണ്ടിയായിരുന്നു ഗ്രീഷ്മ കൃത്യം നടത്തിയത്.

Share
Leave a Comment