എറണാകുളം: ഭാരത് ബിൽ പെയ്‌മെന്റ് സിസ്റ്റം അഥവാ ബിബിപിഎസ് മുഖേന ക്രെഡിറ്റ് കാർഡ് ബില്ലുകൾ ലളിതമായി അടയ്‌ക്കാനാകുന്ന സൗകര്യം അവതരിപ്പിച്ച് ഫെഡറൽ ബാങ്ക്. ഈ സേവനം ലഭ്യമാക്കുന്ന രാജ്യത്തെ മൂന്നാമത്തെ ബാങ്കാണ് ഫെഡറൽ ബാങ്ക്. ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് നെറ്റ് ബാങ്കിംഗ്, യുപിഐ, ഡെബിറ്റ് കാർഡ് എന്നിങ്ങനെ ഏത് സൗകര്യപ്രദമായ മാർഗത്തിലൂടെയും ബിൽ പെയ്‌മെന്റുകൾ നടത്താനാകും.
കൂടുതൽ സൗകര്യപ്രദമായ ഡിജിറ്റൽ സേവനങ്ങൾ ഉപയോക്താക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സൗകര്യം സജ്ജമാക്കിയിരിക്കുന്നതെന്ന് ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യർ വ്യക്തമാക്കി. ഫെഡറൽ ബാങ്കിന്റെ ഫെഡ്‌മൊബൈൽ, ഫെഡ്‌നെറ്റ് എന്നീ ആപ്പുകൾ മുഖേനയും മറ്റ് യുപിഐ ആപ്പുകൾ മുഖേനയും ക്രെഡിറ്റ് കാർഡ് ബില്ലുകൾ ഇനി അടയ്‌ക്കാൻ സാധിക്കുമെന്നും വ്യക്തമാക്കി.
ബിബിപിഎസ് ആപ്ലിക്കേഷനിലെ ഡെസിഗ്നേറ്റഡ് ബില്ലറായി ഫെഡറൽ ബാങ്ക് ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കണം. ശേഷം ക്രെഡിറ്റ് കാർഡ് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉൾപ്പെടെയുള്ള ആവശ്യമായ വിവരങ്ങൾ നൽകി പുതിയ സേവനം ഉപയോഗിക്കാവുന്നതാണെന്ന് ബാങ്ക് പറയുന്നു. ലോഗിൻ ചെയ്യുന്നതോടെ ഉപയോക്താക്കൾക്ക് ക്രെഡിറ്റ് കാർഡ് ബിൽ വിവരങ്ങൾ, അടക്കേണ്ട തുക എത്ര, ബില്ലിന്റെ അവസാന തീയതി, ബിൽ തീയതി എന്നിങ്ങനെയുള്ള വിവരങ്ങളും ലഭ്യമാണ്. ഇതിലൂടെ ഓട്ടോപേ സൗകര്യവും ലഭ്യമാണ്.
Comments