മരണം സ്ഥിരീകരിച്ച് ഉത്തർപ്രദേശ് സ്വദേശിയുടേതെന്ന് കരുതി ബന്ധുക്കൾ സംസ്‌കരിക്കാൻ കൊണ്ടുവന്നത് മറ്റൊരു മൃതദേഹം. ചടങ്ങുകൾക്ക് തൊട്ടുമുൻപാണ് പരേതനെ ജീവനോടെ കണ്ടെത്തിയ വാർത്ത നാട്ടിൽ പരന്നത്. യുപിയിലെ മുസാഫർ നഗറിലായിരുന്നു വിചിത്ര സംഭവങ്ങൾ.
ഓഗസ്റ്റ് 31ന് ഒരു യുവതിയുടെ കുടുംബം മകളെ കടത്തിക്കൊണ്ടുപോയെന്ന് പറഞ്ഞ് മോട്ടു എന്ന യുവാവിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ് നൽകി. ഇരുവരെയും കണ്ടെത്താൻ പോലീസുകാർ പ്രത്യേക സംഘത്തിന് രൂപം നൽകി.
സെപ്റ്റംബർ 13ന് മീററ്റ് പോലീസിൽ നിന്ന് മോട്ടുവിന്റെ ബന്ധുക്കൾക്ക് ഒരു സന്ദേശം ലഭിച്ചു. തല ഛേദിക്കപ്പെട്ട നിലയിൽ ഒരു മൃതദേഹം തിരിച്ചറിയാനായിരുന്നു അത്. കുടുംബമെത്തി മൃതദേഹം മോട്ടുവിന്റേതാണെന്ന് തിരിച്ചറിഞ്ഞു. മൃതദേഹത്തിന് മോട്ടു ശരീരത്തിൽ പതിച്ചതു പോലൊരു ടാറ്റു ഉണ്ടായാതായിരുന്നു കാരണം.
പിന്നാലെ കുടുംബം പോലീസ് സ്‌റ്റേഷന് മുന്നിൽ പ്രതിഷേധം ആരംഭിച്ചു. യുവതിയുടെ കുടുംബം മോട്ടുവിനെ കൊലപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു ഇത്. തുടർന്ന് കോലഹലങ്ങൾക്ക് ശേഷം മൃതദേഹം വിട്ടുനൽകി.
പിന്നാലെ മോട്ടുവിനെയും യുവതിയെയും ചണ്ഡീഗഡിൽ നിന്ന് കണ്ടെത്തുകയായിരുന്നു. യുവാവിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിന് തൊട്ടുമുന്നേയാണ് ഈ വാർത്ത കുടുംബം അറിയുന്നത്.
Comments