തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരമാണ് നടൻ വിജയ് ദേവരക്കൊണ്ട. കുശിയാണ് താരത്തിന്റെ ഒടുവിൽ പ്രദർശനത്തിനെത്തിയ ചിത്രം. കുഷിയുടെ വിജയാഘോഷ വേളയിൽ തന്റെ പ്രിയപ്പെട്ട ആരാധകരിൽ നിന്ന് തിരഞ്ഞെടുക്കുന്ന 100 പേർക്ക് ലക്ഷം രൂപ വീതം നൽകുമെന്ന് നടൻ വാക്ക് നൽകിയിരുന്നു. ആരാധകർക്ക് നൽകിയ വാക്ക് പാലിച്ചിരിക്കുകയാണ് വിജയ് ദേവരക്കൊണ്ട.
സിനിമ വിജയിച്ചതിലുള്ള സന്തോഷം മാത്രമല്ല, സിനിമയിൽ നിന്ന് ലഭിച്ച വരുമാനവും ആരാധകരായി പങ്കുവയ്‌ക്കുകയാണെന്ന് താരം പറഞ്ഞു. തന്റെ ആരാധകരെല്ലാം ദേവര കുടുംബത്തിലെ അംഗങ്ങളാണെന്നും എപ്പോഴും ആരാധകർക്കൊപ്പമുണ്ടെന്നും താരം പറഞ്ഞു. ഒപ്പം വ്യാജ യൂട്യൂബ് ചാനലുകളിലൂടെ സിനിമകൾക്ക് മോശം റിവ്യൂ നൽകുന്നവരെ വിമർശിക്കുകയും ചെയ്തു.
‘എന്റെ സിനിമകൾ വിജയിക്കുമ്പോൾ ആ സന്തോഷത്തിൽ പങ്കുചേരുകയും പരാജയപ്പെടുമ്പോൾ കൂടെ നിൽക്കുന്നവരുമാണ് തന്റെ ആരാധകർ. അതുകൊണ്ടുതന്നെ ഇനി മുതൽ എന്റെ കുടുംബത്തോടൊപ്പം നിങ്ങൾക്കും നിങ്ങളുടെ സന്തോഷത്തിനും വേണ്ടി ഞാൻ എന്നെ പൂർണമായും സമർപ്പിക്കുന്നു. നിങ്ങളുടെ എല്ലാവരുടെയും പുഞ്ചിരി എനിക്ക് കാണണം. എന്റെ സമ്പാദ്യവും സന്തോഷവും നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ നൽകുന്ന പണം നിങ്ങളുടെ കുടുംബത്തിന് ഉപകാരപ്രദമായാൽ എനിക്ക് വളരെയധികം സന്തോഷമാകും’ എന്നായിരുന്നു വിജയ് ദേവരക്കൊണ്ടയുടെ വാക്കുകൾ.
ശിവ നിർവാണ സംവിധാനം ചെയ്ത പാൻ-ഇന്ത്യൻ റൊമാന്റിക് ചിത്രമായിരുന്നു കുഷി സെപ്റ്റംബർ ഒന്നിനാണ് തിയറ്ററുകളിലെത്തിയത്. വിജയ് ദേവരകൊണ്ടയും സാമന്തയും പ്രധാന കഥാപത്രങ്ങളായെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ഇതിന് മുൻപ് ഈ വർഷത്തിന്റെ തുടക്കത്തിൽ അദ്ദേഹം 100 ആരാധകരെ എല്ലാ ചെലവുകളും നൽകി മണാലിയിലേക്ക് അയച്ചിരുന്നു.
















Comments