കൊടുംക്രൂരതയുടെ നേർസാക്ഷ്യം. പമ്പയാറിന്റെ ബലിദാനത്തിന് കാൽ നൂറ്റാണ്ടിന്റെ കരുത്ത്

Published by
Janam Web Desk

വി ഉണ്ണികൃഷ്ണൻ മാസ്റ്റർ (ബിജെപി പാലക്കാട് മേഖലാ അദ്ധ്യക്ഷൻ) എഴുതുന്നു 

1996 സെപ്റ്റംബർ 17 . അന്നും പതിവുപോലെ സന്തോഷത്തോടെ വീട്ടുകാരോട് യാത്ര പറഞ്ഞ് അനുവും കിം കരുണാകരനും സുജിത്തും പാഠപുസ്തകങ്ങളുമായി തങ്ങളുടെ പ്രിയപ്പെട്ട കലാലയത്തിലേക്ക്, പരുമല പമ്പ ഡി ബി കോളേജിലേക്ക് യാത്രയായി. അവർ സാധാരണ പോലെ കോളേജിൽ എത്തി ചിത്രശലഭങ്ങളെ പോലെ പാറി നടന്നു. അന്നും പമ്പയാറ് ശാന്തമായി ഒഴുകിക്കൊണ്ടിരുന്നു.

പക്ഷേ ആ ദിനം തങ്ങളുടെ അവസാനത്തെ ദിനമാകുമെന്ന് സ്വപ്നത്തിൽ പോലും അവർ കരുതിയിരുന്നില്ല. എന്നാൽ സെപ്റ്റംബർ 17 ചൊവ്വാഴ്ച കറുത്ത ദിനമായി മാറി. നടക്കുന്ന ഓർമ്മകൾ കൊണ്ട്പരുമല ഡിബി കോളേജിന്റെ ആത്മാവ് തേങ്ങുന്ന കറുത്ത ദിനം. പുണ്യനദിയായ പമ്പ അന്ന് മൂന്ന് കുരുന്നുകളുടെ ചോര വീണ ചുവന്നു കരഞ്ഞു. മൂന്ന് ചേതനയറ്റ ശരീരങ്ങൾ ഈ കൈകളിലാണ് ഏറ്റുവാങ്ങിയത്.

ശാന്തമായ തങ്ങളുടെ പ്രിയപ്പെട്ട കലാലയത്തിലെ ചങ്ങാതികൾക്കൊപ്പം കളിച്ചു ചിരിച്ചു നടന്ന അവർ. എല്ലാവരോടും ഒരുപോലെ സൗഹൃദം ഉള്ളവർ കലാലയത്തിന് പ്രിയപ്പെട്ടവർ. രാവിലെ 11 മണിയോടെ അപ്രതീക്ഷിതമായി എസ്എഫ്ഐക്കാർ കൂട്ടിക്കൊണ്ടുവന്ന മാർക്സിസ്റ്റ് ഗുണ്ടകൾ കലാലയത്തിനുള്ളിൽ കടന്ന് പൂമ്പാറ്റകളെ പോലെ പാറി നടന്ന എബിവിപി പ്രവർത്തകർക്ക് നേരെ വടിവാളും ക്രിക്കറ്റ് ബാറ്റുകളുമായി പാഞ്ഞടുത്തു. നടുങ്ങിപ്പോയ വിദ്യാർത്ഥികൾ പ്രാണ രക്ഷാർത്ഥം തലങ്ങും വിലങ്ങും ഓടി. മാർക്സിസ്റ്റ് അക്രമികൾ, അവർ നോട്ടമിട്ടിരുന്ന എബിവിപി പ്രവർത്തകർക്ക് നേരെ പാഞ്ഞടുത്തു.. പ്രാണരക്ഷാർത്ഥം ആ കുട്ടികൾ പമ്പയാറ്റിലേക്ക് എടുത്തുചാടി. ചിലർ അവിടെ നിന്നും രക്ഷപ്പെട്ടു. എന്നാൽ അക്രമിസംഘം ലക്ഷ്യം വെച്ചിരുന്ന അനുവും കിം കരുണാകരനും സുജിത്തും വെള്ളത്തിൽ മുങ്ങിത്താഴുന്നത് നോക്കി അക്രമികൾ അട്ടഹസിച്ചു.. രക്ഷപ്പെടാൻ വേണ്ടി ശ്രമിച്ചപ്പോൾ അവർക്കു നേരെ ചുടുകട്ട എറിഞ്ഞു, ആ കുട്ടികളുടെ തലപൊട്ടി രക്തം ഒഴുകി.

മറുകരയിൽ അലക്കി കൊണ്ടിരുന്ന അമ്മമാർ ഇവരെ രക്ഷിക്കാനായി സാരി എറിഞ്ഞു കൊടുത്തു. ആ അമ്മമാരെയും അക്രമികൾ അടിച്ചോടിച്ചു. വെള്ളത്തിൽ മുങ്ങിയും പൊങ്ങിയും പ്രാണരക്ഷാർത്ഥം സഹായത്തിനായി നിലവിളിച്ച അവർ കൈകാലിട്ടടിച്ചു. ചുടുകട്ട വീണ്ടും വീണ്ടും എറിഞ്ഞും കല്ലെറിഞ്ഞും അവർ മുങ്ങിത്താഴുന്നതു വരെ ആർത്തട്ടഹസിച്ച അക്രമികൾ കരയിൽ തന്നെ നിന്നു.. അവസാനം അനുവും കിം കരുണാകരനും സുജിത്തും നിലയില്ലാ കയത്തിലേക്ക് ആഴ്ന്നിറങ്ങി. അവർ മരിച്ചു എന്ന് ഉറപ്പുവരുത്തിയശേഷം സിപിഎം – ഡിവൈഎഫ്ഐ – എസ്എഫ്ഐ ക്രിമിനലുകൾ ആയുധങ്ങളുമായി കൊലവിളി നടത്തി അവിടെ നിന്ന് രക്ഷപ്പെട്ടു. നിരവധി മണിക്കൂറുകൾക്കു ശേഷമാണ് കോളേജിലെ പ്രിയപ്പെട്ടവരായിരുന്ന മൂന്നുപേരുടെയും ചേതനയറ്റ ശരീരം പുറത്തെടുത്തത്. ചുവപ്പ് കോട്ട ആയിരുന്ന പരുമല കോളേജിൽ കാവി പതാക ഉയർത്താൻ ശ്രമിച്ചു എന്നുള്ളതാണ് അവർ ചെയ്ത തെറ്റ്. കോളേജിലെ പ്രിയപ്പെട്ട ഗായകനായിരുന്ന അനൂപിഎസ്, 1995ലെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ആർട്സ് ക്ലബ് സെക്രട്ടറിയായി വിജയിച്ചിരുന്നു. പഠനത്തിലും കലാകായിക രംഗത്തും മിടുക്കൻമാർ ആയിരുന്ന ഈ മൂന്നുപേരുടെയും നേതൃത്വത്തിൽ വിദ്യാർത്ഥികൾ എബിവിപിക്ക് പിന്നിൽ അണിനിരന്നു. വിദ്യാർത്ഥി പരിഷത്തിന്റെ ആദർശത്തിൽ കലാലയം കാവി പുതയ്‌ക്കുന്നത് കണ്ടപ്പോൾ എസ്എഫ്ഐക്കാർ ആയുധങ്ങൾക്ക് മൂർച്ച കൂട്ടി. സിപിഎം – ഡിവൈഎഫ്ഐ ക്രിമിനലുകളുമായി ഒത്തുചേർന്ന് ക്രൂരമായ കൊലപാതക പദ്ധതി ആവിഷ്കരിക്കപ്പെട്ടു. തിക്കപ്പുഴ കോളനിയിൽ നിന്നും മാർക്സിസ്റ്റ് ക്രിമിനലുകൾ പാഞ്ഞെത്തി.. ഈ മൂന്ന് കൗമാരക്കാരെയും അവർ കൊന്നൊടുക്കി. എസ്എഫ്ഐ ഗുണ്ടകൾ വഴികാട്ടികളായി ഒപ്പം നിന്നു. കോളേജിൽ കടന്നു കണ്ണിൽ കണ്ടവരെയെല്ലാം ആക്രമിച്ചു, പാഠപുസ്തകങ്ങളും പൊതിച്ചോറുകളും ചോരയിൽ കുതിർന്നു. പമ്പയാറ്റിൽ മുങ്ങിത്താഴുമ്പോൾ ഞങ്ങളെ കൊല്ലരുതേ എന്നായിരുന്നു ആ കുരുന്ന് ജീവനുകൾ അപേക്ഷിച്ചത്. മാർക്സിസ്റ്റ് ഗുണ്ടകൾ നിരന്തരം ചുടുകട്ട എറിയുമ്പോൾ തനിക്ക് നീന്താൻ അറിയില്ല എന്ന് കിം കരുണാകരൻ ഉറക്കെ പറയുന്നുണ്ടായിരുന്നു. പക്ഷേ മനുഷ്യത്വം മരവിച്ച മാർക്സിസ്റ്റ് കാട്ടാളന്മാർ മൂന്നുപേരുടെയും ജീവനെടുത്തു.

കിം കരുണാകരനും അനുവും വീട്ടിലെ അച്ഛനമ്മമാരുടെ ഒറ്റ മക്കളായിരുന്നു. മാർക്സിസ്റ്റ് കാപാലികർ ആ കുടുംബത്തിന്റെ വേരറുത്തു. സിപിഎം ക്രിമിനലുകളുടെ ആക്രമണത്തിനെതിരെ കേരളം ബന്ദാചരിച്ചു. പ്രതിഷേധ കൊടുങ്കാറ്റിൽ കേരളം നിശ്ചലമായി. എന്നിട്ടും കേരളത്തിന്റെ അന്നത്തെ മുഖ്യമന്ത്രി മരിച്ച വിദ്യാർത്ഥികളെയും കുടുംബത്തെയും അപമാനിച്ചു. പാന്റിന്റെ പോക്കറ്റിൽ വെള്ളം കയറിയാണ് മുങ്ങിയത് എന്നാണ് ഇ കെ നായനാർ അന്ന് നിയമസഭയിൽ പ്രതികരിച്ചത്..

അക്രമ രാഷ്‌ട്രീയത്തിനെതിരെ ചെറുത്തുനിന്ന് ആദർശത്തിന്റെ സൂര്യ ശോഭയിൽ എബിവിപിയും ദേശീയ പ്രസ്ഥാനങ്ങളും ഏറെ മുന്നോട്ടുപോയി. സിപിഎമ്മിന്റെ പ്രത്യയശാസ്ത്രം തകർന്നു തരിപ്പണമായി. ഇന്ത്യയിൽ ത്രിപുരയിലും ബംഗാളിലും മാത്രമുണ്ടായിരുന്ന സിപിഎം അവിടെയും നാമാവശേഷമായി. കേരളത്തിൽ വർഗീയവാദികളുടെ കൂട്ടുപിടിച്ച് തൽക്കാലിക ആശ്വാസത്തിൽ ഭരിക്കുന്നു എന്ന് മാത്രം.. രാജ്യത്ത് ദേശീയതയുടെ ശംഖൊലി മുഴങ്ങുന്നു. കലാലയങ്ങളിൽ കാവി വസന്തം തീർക്കുന്നു. സുജിത്തിന്റെയും അനുവിന്റെയും കിമ്മിന്റെയും ബലിദാനം വെറുതെയായില്ല… ഇന്ന് കലാലയങ്ങളിൽ എസ്എഫ്ഐയുടെ അന്ത്യം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. വരാനിരിക്കുന്ന നാളുകൾ കിഴക്കൻ ചക്രവാളത്തിൽ കാവിസൂര്യൻ ഉദിക്കുന്നതിനായി കാത്തിരിക്കുകയാണ്.. കേരളത്തിലും ആ ദിനങ്ങൾ ദൂരെയല്ല.
വന്ദേമാതരം..
എഴുതിയത്
വി ഉണ്ണികൃഷ്ണൻ മാസ്റ്റർ

Phone : 9447630600

(പരുമലയിലെ മാർക്സിസ്റ് അതിക്രമം നടക്കുമ്പോൾ എ ബി വി പി യുടെ സംസ്ഥാന അദ്ധ്യക്ഷൻ ആയിരുന്ന വി ഉണ്ണികൃഷ്ണൻ മാസ്റ്റർ നിലവിൽ ബിജെപി പാലക്കാട് മേഖലാ അദ്ധ്യക്ഷനാണ്.)

Share
Leave a Comment