പാലക്കാട്! കരിമ്പനകളുടെ സ്വന്തം നാട്. പാലക്കാട്ടിൽ നിന്നും മങ്കരയിലേക്ക് വരുന്ന വഴി ഇടതൂർന്ന മരങ്ങൾ കാണുമ്പോൾ ഏതൊരാളുടെയും മനസ്സിലേക്ക് ഓടി വരുന്നത് ഒരേയൊരു മുഖം. നരച്ച താടി, തലയിൽ പച്ച റിബൺ കൊണ്ടൊരുക്കെട്ട്, വേഷവിധാനങ്ങളും പച്ച, ഇടതൂർന്ന വനത്തിൽ ഒറ്റപ്പെട്ടൊരുവീട്ടിൽ ഇങ്ങനെ ഒരു മനുഷ്യനെ കാണാം. ബാലേട്ടൻ! ജില്ലയിൽ കരിമ്പനകൾക്ക് വംശനാശം സംഭവിച്ചപ്പോൾ അവ നട്ടുപിടിപ്പിച്ചും പരിപാലിച്ചും തുടങ്ങിയതാണ് കല്ലൂർ ബാലന്റെ പ്രകൃതിയുമായുള്ള കൂട്ടുക്കെട്ട്. തന്റെ ആ സൗഹൃദം 73-ാം വയസ്സിലും കൈമോശം വരാതെ കാക്കുകയാണ് ബാലേട്ടൻ.
അദ്ദേഹത്തിന്റെ വീട്ടിൽ ആളുകളുടെ എണ്ണത്തിനെക്കാൾ അധികം വനത്തിലെ മൃഗങ്ങളാണെന്നു പറയാം. കുരങ്ങുകളും, കാട്ടുപന്നികളും, കാട്ടുകോഴികളും, മയിലും വിഹരിക്കുന്ന ഇടം. ഇവയെല്ലാം ബാലേട്ടന്റെ ചങ്ങാതിന്മാരാണ്. താൻ കഴിച്ചില്ലെങ്കിലും ഇവയെല്ലാം ഭക്ഷണം കഴിക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധമാണ്. ”കാട്ടു മൃഗങ്ങൾക്ക് ഭക്ഷണം നൽകാൻ തനിക്കെന്താ പ്രാന്താണോ, ഇത്രയധികം മരങ്ങൾ നട്ടുപിടിപ്പിച്ച് തനിക്കെന്താ ലാഭം” തുടങ്ങി ഒട്ടനവധി ചോദ്യങ്ങൾ അദ്ദേഹം നേരിടുമ്പോഴും തിരിച്ചു അവരോടൊക്കെ മറുപടിയായി പറയാൻ ബാലേട്ടന് ഒരേയൊരു കാര്യം മാത്രമേയുള്ളൂ.. ‘പ്രകൃതി ഉണ്ടെങ്കിലെ മനുഷ്യനുള്ളൂ’ എന്ന പച്ചപരമാർത്ഥമായ സത്യം.
തന്റെ ജീവിതയാത്രയിൽ 22 വർഷത്തിനിടയിൽ 20 ലക്ഷത്തിലധികം മരങ്ങളാണ് ഭൂമിക്കും വരുംതലമുറയ്‌ക്കുമായി അദ്ദേഹം നട്ടുപിടിപ്പിച്ചത്. ആ ജൈത്രയാത്ര ഇപ്പോഴും ബാലേട്ടൻ തുടർന്നു കൊണ്ടിരിക്കുന്നു. ജീവിതത്തിന്റെ പ്രാരംഭ കാലഘട്ടത്തിൽ പിതാവിന്റെ അബ്കാരി കച്ചവടം പിന്തുടർന്നായിരുന്നു കല്ലൂർബാലൻ ജീവിച്ചിരുന്നത്. താൻ തിരഞ്ഞെടുത്ത പാത നല്ലതല്ലെന്നും പ്രകൃതിയ്‌ക്കും സർവ്വചരാചരങ്ങൾക്കും തന്നെ കൊണ്ടാവുന്നത് ചെയ്യണമെന്ന ഉൾവിളിയുമാണ് സ്വാർത്ഥ ലാഭങ്ങൾക്കു പിന്നാലെ പായാതെ പച്ചയായ പാത തിരഞ്ഞെടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. വനത്തിലെ മൃഗങ്ങൾക്കായി കഴിക്കാൻ പഴങ്ങളും പച്ചക്കറിയും കൊണ്ടുവരാൻ അതിരാവിലെ ബാലേട്ടൻ പുറപ്പെടുമ്പോൾ അദ്ദേഹത്തിനായി പഴക്കച്ചവടക്കാർ ബാക്കി വന്ന പഴങ്ങളെല്ലാം മാറ്റി വെച്ചിരിക്കും. വേനൽക്കാലത്ത് മൃഗങ്ങൾക്കും പക്ഷികൾക്കും ദാഹമകറ്റാൻ മഴക്കുഴികളും മലകളുടെ മുകളിലായി നിർമ്മിച്ചിട്ടുണ്ട്. പണ്ട് തരിശുഭൂമിയായി കിടന്നിരുന്ന ഇടങ്ങൾ ഇന്ന് ‘ പച്ച മനുഷ്യന്റെ’ പ്രയത്‌നത്താൽ ആനകളടക്കം വിഹരിക്കുന്ന കാടാണ്. ബാലേട്ടനു മരങ്ങൾ നൽകുന്നവർക്കായി അദ്ദേഹം സമ്മാനിക്കുന്നത് ഒരു നക്ഷത്ര വനം തന്നെയാണ്. ഓരോ വ്യക്തിയുടെയും നാളുകളാണ് ആ മരങ്ങൾക്കായി അദ്ദേഹം ഇട്ടിരിക്കുന്നത്. ആരൊക്കെ കുറ്റപ്പെടുത്തിയാലും പ്രകൃതി സംരംക്ഷണമാണ് തന്റെ ലക്ഷ്യമെന്ന് ഉറക്കെ വിളിച്ചു പറയുകയാണ് കല്ലൂർ ബാലൻ എന്ന ‘ പച്ചമനുഷ്യൻ’.
മനുഷ്യന്റെ കയ്യേറ്റങ്ങൾ ഭൂമിയെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുകയാണ്. അധികാരത്തിലും ആഡംബരത്തിലും അഭിരമിക്കുമ്പോൾ നമ്മൾ ചിന്തിക്കുന്നില്ല ഇന്ന് നാം നേരിടുന്നതു പോലൊരു പ്രളയം അല്ലെങ്കിൽ ആഗോളതാപനം മതി മാനവരാശിയെ തന്നെ ഇല്ലാതാക്കാൻ. കാലങ്ങൾ കടന്നു പോകും, ഇനിയും ഓരോ ഓസോൺ ദിനങ്ങൾ വന്നു പോകും എന്നാൽ മനുഷ്യനു ആഗോളതാപനത്തിൽ നിന്നും രക്ഷ നേടാനും ശുദ്ധവായു ശ്വസിക്കാനും ഇത്തരം പച്ചമനുഷ്യന്മാർ ഭൂമിയിക്കു രക്ഷയായി ഉണ്ടാവണം. ഭൂമിലെ നാമ്പുകൾ ഉണങ്ങാതെ കാത്തു സൂക്ഷിച്ചാൽ മാത്രമേ വരുംതലമുറയ്‌ക്കും ഇവിടെ വാസം സാധ്യമാകുകയുള്ളൂ എന്ന തിരിച്ചറിവാണ് ഇനി വേണ്ടത്.
















Comments