മുംബൈ: വീട്ടുജോലികൾ സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമല്ലെന്ന് ബോംബെ ഹൈക്കോടതി. ഭാര്യയും ഭർത്താവും ഒരുമിച്ച് വീട്ടുജോലികൾ ചെയ്യണമെന്നും ഭാര്യയുടെ ജോലിയാണിത് എന്ന് കരുതുന്നത് പിന്തിരിപ്പൻ മനോഭാവമാണെന്നും ബോംബെ ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഭാര്യ വീട്ടുജോലികൾ ചെയ്യുന്നില്ലെന്ന് കാണിച്ച് 13 വർഷത്തെ വിവാഹ ബന്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് 35കാരൻ സമർപ്പിച്ച വിവാഹമോചന ഹർജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ നിതിൻ സാംബ്രെ, ശർമിള ദേശ്മുഖ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പത്ത് വർഷമായി അകന്ന് താമസിക്കുന്ന ദമ്പതികൾ 2010ലാണ് വിവാഹിതരായത്.
ഭാര്യ വീട്ടുജോലി ചെയ്യാത്തതിനാൽ തനിക്ക് ഭക്ഷണം കഴിക്കാതെ ഓഫീസിൽ പോകേണ്ടി വരുന്നു എന്ന വാദമാണ് ഹർജിക്കാരൻ ഉയർത്തിയത്. വിവാഹ മോചന ഹർജി തള്ളിക്കൊണ്ടുള്ള 2018ലെ കുടുംബകോടതി വിധിക്കെതിരെയാണ് യുവാവ് ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകിയത്.
ഓഫീസ് ജോലിക്ക് ശേഷം വീട്ടിൽ വന്നാലും വീട്ടിലെ ജോലി ചെയ്യാൻ ഞാൻ നിർബന്ധിതയായിരുന്നുവെന്നും യുവതി കോടതിയെ അറിയിച്ചു. ജോലിചെയ്യാത്തതിനാൽ നിരവധി തവണ ഭർത്താവ് ശാരീരികമായി മർദ്ദിച്ചതായും അവർ പറഞ്ഞു. ഭാര്യയും ഭർത്താവും ജോലിക്കാരായ ഒരു കുടുംബത്തിൽ, ഭാര്യ തന്നെ വീട്ടുജോലികളെല്ലാം ചെയ്യണമെന്നത് പിന്തിരിപ്പൻ ചിന്താഗതിയാണെന്നും കോടതി വിലയിരുത്തി.
Comments