ന്യൂഡൽഹി: രാജ്യത്ത് പുതിയ 23 സൈനിക സ്‌കൂളുകൾക്ക് കൂടി അനുമതി നൽകി പ്രതിരോധ മന്ത്രാലയം. എൻജിഒകളുമായി സഹകരിച്ചാണ് സ്‌കൂളുകൾ സ്ഥാപിക്കുന്നത്. ഇത് സംബന്ധിച്ച് ധാരണാപത്രത്തിൽ പ്രതിരോധമന്ത്രി ഒപ്പുവെച്ചു. അപേക്ഷകളും രേഖകളും വിശദമായി അവലോകനം ചെയ്ത ശേഷമാണ് അനുമതി നൽകിയത്.
100 പുതിയ സൈനിക് സ്‌കൂളുകൾ സ്ഥാപിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് 23 പുതിയ സൈനിക് സ്‌കൂളുകൾ സ്ഥാപിക്കാൻ അനുമതി നൽകിയിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായ ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം നൽകുക, കുട്ടികൾക്ക് സൈന്യത്തിൽ ചേരാനുള്ള അവസരം നൽകുക, മെച്ചപ്പെട്ട തൊഴിൽ സാധ്യതകൾ നൽകുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
സൈനിക സ്‌കൂളുകൾ നടപ്പിലാക്കുന്നതിലൂടെ ഉത്തരവാദിത്തമുള്ള പൗരനായി മാറാൻ വിദ്യാർത്ഥികളെ സജ്ജമാക്കുകയും സർക്കാരുമായി സഹകരിക്കാൻ സ്വകാര്യമേഖലയെ പ്രാപ്തമാക്കുകയും ചെയ്യുന്നു. സൈനിക് സ്‌കൂൾ സൊസൈറ്റിയുടെ കീഴിലാണ് സൈനിക് സ്‌കൂളുകൾ പ്രവർത്തിക്കുന്നത്. സൊസൈറ്റി നിർദ്ദേശിക്കുന്ന എല്ലാ നിയമവ്യവസ്ഥകളും സ്‌കൂളുകൾ കൃത്യമായി പാലിക്കേണ്ടതുണ്ട്. പാഠ്യപദ്ധതികൾക്ക് പുറമേ വിദ്യാർത്ഥികൾക്ക് അക്കാദമിക് പ്ലസ് പാഠ്യപദ്ധതി വിദ്യാഭ്യാസവും നൽകും.
Comments