എത്ര സമ്പാദിച്ചാലും തൃപ്തി വരാതെ ജീവിക്കുന്നവരാണ് നമുക്ക് ചുറ്റുമുള്ളത്. എന്നാൽ ജീവിതത്തിൽ നേടിയെടുത്ത എല്ലാ സമ്പാദ്യങ്ങളും ഉപയോഗിച്ച് യാത്ര ചെയ്ത് സന്തോഷം കണ്ടെത്തുന്ന വൃദ്ധ ദമ്പതികളുടെ വിശേഷമാണ് ഇന്ന് സാമൂഹ്യമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ബ്രസീലുകാരായ എഡ്വാർഡോ -അൽബനിറ്റ ദമ്പതിമാരാണ് മുഴുവൻ സമ്പാദ്യവും ചിലവഴിച്ച് ലോകം ചുറ്റി കറങ്ങുന്നത്. ഇതുവരെ 59 രാജ്യങ്ങളിലാണ് ഇരുവരും യാത്ര ചെയ്തത്. ഇരുവരുടെയും വിശേഷങ്ങൾ പങ്കുവെയ്‌ക്കുന്ന ഒന്നര മിനിറ്റ് ദൈർഘുള്ള വീഡിയോയാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്.
വ്‌ളോഗറായ ഫെർണാഡോ ബെൽട്രാനോടാണ് ദമ്പതിമാർ തങ്ങളുടെ സ്വപ്‌നയാത്രയെ കുറിച്ച് മനസ് തുറന്നത്. അയർലാൻഡിൽ വെച്ചാണ് ദമ്പതിമാരെ വ്‌ളോഗർ പരിചയപ്പെടുകയും യാത്രയെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്തത്. ലോകം ചുറ്റുക എന്നത് ഒരു സ്വപ്‌നമായിരുന്നെന്നും അതാണ് ഞങ്ങൾ നേടിയെടുക്കുന്നതെന്നും അവർ പറഞ്ഞു. സ്‌കോട്ട്ലൻഡിൽ നിന്നാണ് ഇവർ അയർലാൻഡിലേക്ക് എത്തിയത്. അയർലാൻഡിൽ നിന്ന് അടുത്തതായി ലണ്ടനിലേക്കാണ് തിരിക്കുന്നതെന്നും ദമ്പതിമാർ പറഞ്ഞു.
വർഷങ്ങളായി യാത്ര ചെയ്യുകയാണ് ഈ വൃദ്ധദമ്പതിമാർ. ഏഷ്യയിൽ നിന്നും യൂറോപ്പിൽ നിന്നും വസ്ത്രങ്ങൾ വാങ്ങി ബ്രസീലിൽ വിൽക്കുന്ന ജോലിയാണ് എഡ്വാർഡോ ചെയ്തിരുന്നത്. കിട്ടുന്ന പണമെല്ലാം യാത്രകൾക്ക് വേണ്ടിയാണ് ചിലവഴിച്ചിരുന്നതെന്ന് വീഡിയോയിൽ അദ്ദേഹം പറയുന്നുണ്ട്. ലോകം ചുറ്റി കറങ്ങാൻ തീരുമാനിച്ചതോടെ സമ്പാദ്യമെല്ലാം വിറ്റഴിച്ചുവെന്നും എഡ്വാർഡോ പറഞ്ഞു.
















Comments