കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് പിടിപ്പെട്ട സാഹചര്യത്തിൽ വനംവകുപ്പിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചു. വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനായാണ് പ്രത്യേക സമിതി രൂപീകരിച്ചത്.
വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള ജീവികളാണ് വവ്വാലുകൾ. അതിനാൽ വവ്വാലുകളെ പിടികൂടുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഇടപെടലുകൾ ആവശ്യമാണെന്ന് വനംവകുപ്പ് അറിയിച്ചു. വവ്വാലുകളെ കുറിച്ചുള്ള ഗവേഷണം നടത്തിയ ശാസ്ത്രജ്ഞൻമാരുടെയും വെറ്റിനറി ഡോക്ടർമാരുടെയും ഉപദേശവും ഇക്കാര്യത്തിൽ ആവശ്യമാണ്. ഇത്തരം പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനാണ് പ്രത്യേക സമിതി രൂപീകരിച്ചിരിക്കുന്നത്.
ജില്ലാ ഭരണകൂടം ആരോഗ്യ വകുപ്പുമായി സഹകരിച്ച് വനം വകുപ്പിന്റെ ഭാഗത്ത് നിന്നും ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും ഉറപ്പാക്കണം. വവ്വാലുകളെ പിടിക്കുന്നതും പരിശോധനക്കായി അയക്കുന്നത് അടക്കമുള്ള എല്ലാ നടപടികളും വേഗത്തിലാക്കാൻ ഇത് സഹായമാകും. വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരാനുള്ള സാധ്യതകളെ കുറിച്ച് വിദഗ്ധ ഉപദേശം നൽകാനും സാധിക്കും. വിവിധയിനം വവ്വാലുകളുടെ ഭക്ഷണ രീതികളെ കുറച്ചും മനുഷ്യരുമായി സമ്പർക്കം വരാതിരിക്കാനുള്ള സുരക്ഷാ മുൻ കരുതലുകളെ കുറിച്ചും സമിതി വിവരങ്ങൾ ശേഖരിക്കും.
നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ദീപ കെ.എസ് ഐ.എഫ്.എസ് ആണ് സമിതിയുടെ ചീഫ് കോർഡിനേറ്റർ. നരേന്ദ്രബാബു ഐ.എഫ്.എസ് ( കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (ഐ & ഇ കോഴിക്കോട്), ഡോക്ടർ അരുൺ സക്കറിയ, ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ, കേരള വനംവകുപ്പ്, ശ്രീ.പി.ഒ. നമീർ (ഡീൻ, കോളേജ് ഓഫ് ക്ലൈമറ്റ് ചേയ്ഞ്ച് ആന്റ് എൻവിറോൺമെന്റൽ) ശ്രീ. ലത്തീഫ് (ഡി.എഫ്.ഒ, കോഴിക്കോട്), ശ്രീ. ജോഷിൽ (അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്), ഡോ. അജേഷ് മോഹൻദാസ് (അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ, വയനാട്) എന്നിവരടങ്ങുന്നതാണ് കമ്മിറ്റി.
Comments