കൊളംബോ: മഴമാറിയതിന് പിന്നാലെ ഇടിത്തീയായി മുഹമ്മദ് സിറാജ് മാറിയപ്പോള്‍ ഏഷ്യാകപ്പില്‍ ശ്രീലങ്ക തരിപ്പണമായി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ലങ്കയുടെ എണ്ണം പറഞ്ഞ അഞ്ചുവിക്കറ്റുകളാണ് സിറാജ് പിഴുതത്. ഓരോവറില്‍ നാല് വിക്കറ്റുകളാണ് താരം എറിഞ്ഞിട്ടത്. മഴമൂലം വൈകി ആരംഭിച്ച മത്സരത്തില്‍ ലങ്കന്‍ ബാറ്റര്‍മാരെ വെള്ളംകുടിപ്പിച്ച പ്രകടനമാണ് ഇന്ത്യന്‍ പേസര്‍മാരില്‍ നിന്ന് ആദ്യ ഓവറുകളില്‍ കണ്ടത്. 10 ഓവറില്‍ ആറു വിക്കറ്റിന് 36 റണ്‍സ് എന്ന നിലയിലാണ് ലങ്ക.
ആദ്യ നാല് ഓവറില്‍ 12 റണ്‍സ് ചേര്‍ക്കുന്നതിനിടെ ലങ്കയുടെ 5 വിക്കറ്റുകള്‍ ഇന്ത്യ എറിഞ്ഞിട്ടു. കുശാല്‍ പെരേര (0), പതും നിസ്സങ്ക (2), സദീര സമരവിക്രമ (0), ചരിത് അസലങ്ക (0), ധനഞ്ജയ ഡിസില്‍വ (4) എന്നിവരെയാണ് ലങ്കയ്‌ക്ക് നഷ്ടമായത്. ആറാം ഓവറില്‍ ക്യാപ്റ്റന്‍ ശനകയെ കൂടാരം കയറ്റി സിറാജ് അഞ്ചുവിക്കറ്റ് നേട്ടം ആഘോഷിച്ചു.
റണ്‍സെടുക്കും മുന്നേയാണ് താരത്തിന്റെ കുറ്റി തെറിപ്പിച്ചത്. 6 റണ്‍സുമായി ദുനിത് വെല്ലാലഗെയും 17 റണ്‍സുമായ കുശാല്‍ മെന്‍ഡിസുമാണ് ക്രീസില്‍.ബുമ്ര ഒരു വിക്കറ്റെടുത്തു. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ വിശ്രമം അനുവദിച്ച വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം ടീമിലുണ്ട്. പരിക്കേറ്റ അക്ഷറിന് പകരം വാഷിങ്ടണ്‍ സുന്ദര്‍ ടീമിലിടം നേടി.
Comments