സിറാജിന്റെ തീക്കറ്റില്‍ ലങ്കകടന്ന് ഏഷ്യാകപ്പില്‍ എട്ടാം കിരീടം ഉയര്‍ത്തി ഇന്ത്യ. താരതമ്യേന കുഞ്ഞന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യ ഏഴാം ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ വിജലക്ഷ്യം മറികടക്കുകയായിരുന്നു. ഓപ്പണര്‍മാരായെത്തിയ ശുഭ്മാന്‍ ഗില്ലും ഇഷാന്‍ കിഷനും ഇന്ത്യയ്‌ക്ക് അനായാസ വിജയം സമ്മാനിക്കുകയായിരുന്നു. 27 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും 23 റണ്‍സുമായി ഇഷാന്‍ കിഷനും പുറത്താകാതെ നിന്നു
അഞ്ചുവര്‍ഷത്തെ കിരീട വരള്‍ച്ചയ്‌ക്കാണ് ഇന്ത്യ ഇന്ന് വിരമാമിട്ടത്. 2018-ലാണ് ഇന്ത്യ അവസാനമായി ടൂര്‍ണമെന്റില്‍ വിജയിക്കുന്നത്. അന്ന് രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഏഷ്യകപ്പിലാണ് മുത്തമിട്ടത്. ഇത്തവണയും രോഹിത് തന്നെയാണ് ടീമിന്റെ നായകനാണെന്നത് മറ്റൊരു നിയോഗം. ഏഷ്യാകപ്പിലെ കിരീട നേട്ടത്തോടെ ലോകകപ്പ് ഒരുക്കത്തിനും ഇന്ത്യ തുടക്കമിട്ടു. ഏഴാം കിരീടം മോഹിച്ചെത്തിയ ലങ്ക മുഹമ്മദ് സിറാജിന് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു.
ആറു വിക്കറ്റെടുത്ത സിറാജാണ് ലങ്കയെ ദഹിപ്പിക്കാന്‍ അഗ്നി പകര്‍ന്നത്. ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് മൂന്നും ബുമ്രയ്‌ക്ക് ഒരു വിക്കറ്റും ലഭിച്ചു. ഏകദിനത്തില്‍ 50 വിക്കറ്റുകളെന്ന നാഴികക്കല്ലും സിറാജ് പിന്നിട്ടു. 29-ാം ഏകദിനത്തിലാണ് സിറാജിന്റെ ഈ നേട്ടം. കുറഞ്ഞ മത്സരങ്ങളില്‍ 50 വിക്കറ്റുകള്‍ തികയ്‌ക്കുന്ന നാലാമത്തെ ഇന്ത്യന്‍ ബൗളറാണ് സിറാജ്. അഞ്ചു റണ്‍സ് എക്‌സ്ട്രാ ഇനത്തിലാണ് ലങ്കയ്‌ക്ക് ലഭിച്ചത്. ഒമ്പത് പേരാണ് രണ്ടക്കം കാണാതെ കൂടാരം കയറിയത്. 13 റണ്‍സുമായി ദുഷാന്‍ ഹേമന്ദ പുറത്താകാതെ നിന്നു. 17 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസാണ് ലങ്കയുടെ ടോപ്പ് സ്‌കോറര്‍.
മഴമൂലം വൈകി ആരംഭിച്ച മത്സരത്തില്‍ ലങ്കന്‍ ബാറ്റര്‍മാരെ വെള്ളംകുടിപ്പിച്ച പ്രകടനമാണ് ഇന്ത്യന്‍ പേസര്‍മാരില്‍ നിന്ന് ആദ്യ ഓവറുകളില്‍ കണ്ടത്.ആദ്യ നാല് ഓവറില്‍ 12 റണ്‍സ് ചേര്‍ക്കുന്നതിനിടെ ലങ്കയുടെ 5 വിക്കറ്റുകള്‍ ഇന്ത്യ എറിഞ്ഞിട്ടു. കുശാല്‍ പെരേര (0), പതും നിസ്സങ്ക (2), സദീര സമരവിക്രമ (0), ചരിത് അസലങ്ക (0), ധനഞ്ജയ ഡിസില്‍വ (4) എന്നിവരെയാണ് ലങ്കയ്‌ക്ക് നഷ്ടമായത്. ആറാം ഓവറില്‍ ക്യാപ്റ്റന്‍ ശനകയെ കൂടാരം കയറ്റി സിറാജ് അഞ്ചുവിക്കറ്റ് നേട്ടം ആഘോഷിച്ചു. ദുനിത് വെല്ലാഗഗെ(8), പ്രമോദ് മധുഷാന്‍(1), മതീഷ പതിരാന(0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
Comments