ന്യൂഡൽഹി: ആഗോളതലത്തിൽ ഏറ്റവും ജനപ്രീതിയുള്ള വിശ്വസ്തനായ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. 2014 ൽ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വികസിത രാജ്യങ്ങൾക്ക് ഇന്ത്യയോടുള്ള സമീപനം മാറിയെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി വിശ്വകർമ പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു കിരൺ റിജിജു. പരമ്പരാഗത കരകൗശലത്തൊഴിലാളികൾക്കും പിന്തുണ നൽകാൻ വിഭാവനം ചെയ്യുന്ന പദ്ധതിയാണിത്..
‘ വികസിത രാജ്യങ്ങൾ സന്ദർശിക്കുന്ന വേളയിൽ ഇന്ത്യയിൽ നിന്നുള്ള നേതാക്കൾക്ക് നേരത്തെ വലിയ പ്രാധാന്യം ലഭിച്ചിരുന്നില്ല. 2014 ൽ മോദി അധികാരത്തിൽ വന്നതിന് ശേഷം അത് മാറി. ഓരോ വിദേശ നേതാക്കളും ഇന്ത്യൻ മന്ത്രിമാരെ ബഹുമാനിക്കുക മാത്രമല്ല, ഇന്ത്യയുമായി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്താൻ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. എല്ലാ മേഖലകളിലും ഇന്ത്യയുമായി ഇടപഴകാനുള്ള സാധ്യതയും വർധിച്ചു.
ഞാൻ 2014 മുതൽ പ്രധാനമന്ത്രിയുമായി അടുത്ത് പ്രവർത്തിച്ചിട്ടുണ്ട്. ഊർജ്ജസ്വലനായി പ്രവർത്തിക്കുന്ന അദ്ദേഹം ഉറക്കമൊഴിച്ചാണ് ജോലി ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളിൽ ഞാൻ എപ്പോഴും പ്രചോദിതനാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു
പിഎം വിശ്വകർമ സർട്ടിഫിക്കറ്റ്, ഐഡി കാർഡ് എന്നിവയിലൂടെ കരകൗശലകാർക്ക് നിരവധി അംഗീകാരങ്ങൾ ലഭിക്കും. സ്കീമിന്റെ ഗുണഭോക്താക്കൾക്ക് 15,000 രൂപയുടെ ടൂൾകിറ്റ് ഇൻസെന്റീവിന് അർഹതയുണ്ട്, ആദ്യ ഗഡുവായി ഒരു ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും. രണ്ടാം ഗഡുവായി പലിശ ഇളവോടെ 2 ലക്ഷം രൂപ വരെ ലഭിക്കും. അഞ്ച് ശതമാനമായിരിക്കും വായ്പയുടെ പലിശനിരക്ക്. കൂടാതെ, കരകൗശല വിദഗ്ധർക്ക് അവരുടെ കരകൗശല-വ്യാപാര പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും മറ്റുമായുള്ള ഡിജിറ്റൽ ഇടപാടുകൾക്കും വിപണനത്തിനും പ്രോത്സാഹനം നൽകും.’ കേന്ദ്രമന്ത്രി പറഞ്ഞു.
















Comments