തിരുവനന്തപുരം: ഗണേശോത്സവം അട്ടിമറിക്കാൻ നീക്കവുമായി ഇടത് സർക്കാർ. ഹൈന്ദവ വിശ്വാസങ്ങളെയും ആരാധന മൂർത്തികളേയും അധിക്ഷേപിച്ച സ്പീക്കറുടെ പരാമർശത്തിന്റെ അലയോലികൾ അവസാനിക്കും മുൻപാണ് ഗണേശോത്സവത്തിനെതിരേയും ഇടതു സർക്കാരിന്റെ നീക്കം.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവാണ് പുതിയ വിവാദത്തിന് അടിസ്ഥാനം. ഗണേശവിഗ്രഹങ്ങളുടെ നിമജ്ജനത്തിന് കിണറുകൾ, തടാകങ്ങൾ, നദികൾ എന്നിവ ഉപയോഗിക്കരുതെന്ന് സർക്കുലറിൽ പറയുന്നു. പകരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർദ്ദേശിക്കുന്ന നിർദിഷ്ട സ്ഥലങ്ങളിലുള്ള കുളങ്ങൾ മാത്രം നിമജ്ജനത്തിനുപയോഗിക്കണമെന്നാണ് നിർദ്ദേശം. ആഘോഷം തടയുകയെന്ന ലക്ഷ്യത്തോടെയാണെന്ന് പ്രസ്തുത ഉത്തരവെന്നാണ് ചൂണ്ടിക്കാട്ടുന്നത്. പ്ലാസ്റ്റർ ഓഫ് പാരീസ്, പ്ലാസ്റ്റിക്, തെർമോകോൾ എന്നിവ കൊണ്ടുള്ള വിഗ്രഹങ്ങൾ നിമജ്ജനത്തിനുപയോഗിക്കാൻ പാടില്ലെന്നും വിഗ്രഹങ്ങൾ കഴിയുന്നതും കളിമണ്ണിലുള്ളവയായിരിക്കണമെന്നും സർക്കുലറിലുണ്ട്.
ഗണേശ വിഗ്രഹനിമജ്ജനം ഒഴുക്കുള്ള ജലാശയങ്ങളിലാണ് ആചാരപ്രകാരം നടത്താറുള്ളത്. അതിനാൽ തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിശ്ചയിക്കുന്ന കുളങ്ങളിൽ ആചാരപ്രകാരം വിഗ്രഹ നിമജ്ജനം സാധ്യമല്ല. തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കുളങ്ങളിൽ ഏറെയും മലിന ജലമാണ് കെട്ടികിടക്കുന്നത്. കൂടാതെ രോഗം പരത്തുന്ന സൂക്ഷമ ജീവികൾ നിറഞ്ഞവയാണ് ഇവിടം. ഇത്തരം ജലത്തിൽ എങ്ങനെ ഗണപതി വിഗ്രഹം നിമജ്ജനം ചെയ്യുമെന്ന ആശങ്കയാണ് വിശ്വാസികളും സംഘാടക സമിതികളും പങ്കുവെക്കുന്നത്.
വിഗ്രഹത്തിൽ അണിയിച്ചിട്ടുള്ള വസ്ത്രങ്ങൾ, ഹാരങ്ങൾ, പൂക്കൾ, ഇലകൾ, മറ്റു വസ്തുക്കൾ എന്നിവ നിമജ്ജനത്തിനു മുമ്പായി അഴിച്ച് മാറ്റമെന്നും ഉത്തരവിൽ പറയുന്നുണ്ട്. നിറമുള്ള വിഗ്രഹങ്ങൾ ഉപയോഗിക്കരുതെന്നും കഴിവതും ചെറിയ വിഗ്രഹങ്ങൾ മാത്രം നിമജ്ജനത്തിന് ഉപയോഗിക്കണമെന്നും നിർദേശമുണ്ട്.
















Comments