ബോളിവുഡ് സിനിമകളിൽ അഭിനയമികവ് കൊണ്ട് തന്റേതായ ഒരിടം കണ്ടെത്തിയ നടിയാണ് മലയാളികൂടിയായ വിദ്യാബാലൻ. ചലച്ചിത്ര മേഖലയിൽ സീറോ സൈസ് നായികമാർ അരങ്ങ് വാണിരുന്ന കാലത്താണ് ബോളിവുഡിൽ സ്വന്തം ശരീരത്തെ പോസിറ്റീവായി കാണുന്ന വിദ്യ ബാലനെ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചത്. എന്നാൽ ചെറുപ്പത്തിൽ ശരീരം മെലിഞ്ഞിരിക്കാൻ താൻ ഒരുപാട് ശ്രമിച്ചിരുന്നെന്നാണ് താരം പറയുന്നത്.
പുരുഷന്മാരെ അവരുടെ നേട്ടം കൊണ്ട് വിലയിരുത്തുന്ന സമൂഹം സ്ത്രീയെ വിലയിരുത്തുന്നത് അവളുടെ ശരീരഘടനയ്‌ക്ക് അസുസൃതമായാണ്. സ്ത്രീകളെ വെറും ശരീരമായി കാണുന്ന ആളുകൾ സമൂഹത്തിലുണ്ട്. അവരുടെ ചിന്തകൾക്ക് മാറ്റമില്ല എന്നതാണ് വിഷമിപ്പിക്കുന്ന കാര്യം. ഒരു സമയത്ത് ഞാൻ എന്റെ ശരീരത്തെ വെറുത്തിരുന്നു. മെലിഞ്ഞിരിക്കുന്നതാണ് നല്ലതെന്ന് ഞാൻ കരുതി, അതിന് വേണ്ടി ഓരോന്ന് ചെയ്തും തുടങ്ങി. എന്നാൽ ഇപ്പോൾ ഞാൻ മെലിഞ്ഞുവെന്ന് ആരെങ്കിലും പറഞ്ഞാൽ ഞാൻ ചിരിക്കും, അവരോട് നന്ദിയും പറയില്ല. കാരണം എന്റെ ശരീരത്തെപ്പറ്റിയുള്ള ഒരു സംഭാഷണവും ഞാൻ ആഗ്രഹിക്കുന്നില്ല.’ വിദ്യാ ബാലൻ പറഞ്ഞു.
താൻ തടിച്ചിയാകുമോ എന്ന് അമ്മ ഭയപ്പെട്ടിരുന്നു. അമ്മയ്‌ക്ക് തടിയുണ്ടായിരുന്നതിനാൽ എന്റെ തടി കുറയ്‌ക്കാനായി അമ്മ എന്നും എന്തെങ്കിലും ചെയ്യും. അമ്മയെ പോലുളള ശരീരഘടനയാകുമോ എന്റേതെന്നും അമ്മയ്‌ക്ക് ഭയമുണ്ടായിരുന്നു. എനിക്ക് അമ്മയോട് വല്ലാത്ത ദേഷ്യമായിരുന്നു, ഞാൻ മെലിയാനായി എന്നെ കൊണ്ട് വ്യായാമം ചെയ്യിപ്പിക്കുമായിരുന്നു, ചെറുപ്പത്തിലേ ഡയറ്റും തുടങ്ങിയിരുന്നു.
അമ്മ എന്നെ ഓർത്ത് വിഷമിച്ചതുകൊണ്ടാകാം ഞാൻ എന്റെ ശരീരത്തെ വെറുത്തത്.വളരെ ചെറുപ്പത്തിൽ തന്നെ തനിക്ക് ഹോർമോൺ പ്രശ്നങ്ങൾ ഉണ്ടായെന്നും നടി ലൂക്ക് കുടിൻഹോയ്‌ക്ക് നൽകിയ അഭിമുഖത്തിൽ നടി വ്യക്തമാക്കി.
ദിവസങ്ങൾക്കു മുൻപ് ബോഡി മസാജിനിടെ ഉണ്ടായ അനുഭവം വിഷമവുണ്ടാക്കിയെന്നും വിദ്യ പറയുന്നു. ‘മസാജ് ചെയ്യുന്ന ആളെ വിശ്വസിച്ചാണ് നമ്മൾ കിടക്കുന്നത്. അവർ നമ്മുടെ ശരീരത്തെ ജഡ്ജ് ചെയ്യില്ലെന്ന് ഉറപ്പുണ്ടെങ്കിലേ റിലാക്‌സ് ചെയ്യാൻ പറ്റുകയുള്ളു. എന്നാൽ എന്നെ ഞെട്ടിച്ചുകൊണ്ട് നിങ്ങളുടെ തടി വീണ്ടും കൂടിയോ എന്ന് മസാജിനിടയിൽ അവർ ചോദിച്ചു. എനിക്ക് വല്ലാത്ത സങ്കടം വന്നു. എന്റെ ശരീരത്തെപ്പറ്റി സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ലെന്ന് മാത്രം ഞാൻ അവരോട് പറഞ്ഞു. പക്ഷേ ദേഷ്യവും സങ്കടവും കാരണം മാസാജിന് ശേഷം ഞാൻ കരഞ്ഞുപോയി. കാരണം, എന്റെ ശരീരത്തെപ്പറ്റി അങ്ങനെ പറയേണ്ട ആവശ്യവും അധികാരവും അവർക്കില്ല.’- ആളുകളുടെ ചിന്താഗതി ഇനിയും മാറാനുണ്ടെന്നും താരം അഭിമുഖത്തിൽ പറഞ്ഞു.
















Comments