ഹാങ്ചൗ; ഏഷ്യൻ ഗെയിംസ് ഫുട്‌ബോളിലെ ആദ്യ മത്സരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും. എന്നാൽ കളിക്കളത്തിലെ പോരാട്ട വീര്യം ഏങ്ങനെയായിരിക്കും എന്ന ആശങ്കയും ആരാധകരെ അലട്ടുന്നുണ്ട്. മതിയായ പരിശീലനമോ തയ്യാറെടുപ്പോ ഇല്ലാതെയാണ് ആതിഥേയരായ ചൈനയ്‌ക്കെതിരെ ഇന്ന് ഭാരതപുത്രന്മാർ ഇറങ്ങുന്നത്. ഏഷ്യൻ ഗെയിംസിൽ രാജ്യത്തെ പ്രതിനിധീകരിക്കാനായി താരങ്ങളെ ഐഎസ്എൽ ക്ലബ്ബുകൾ വിട്ട് നൽകാത്തതാണ് ടീമിന്റെ താളം തെറ്റാൻ കാരണം. ഇന്നലെ ചൈനയിലെത്തിയ ടീമിലെ അംഗങ്ങൾ പരസ്പരം ആദ്യമായി കാണുന്നത് പോലും വിമാനത്തിൽ വച്ചാണ്.
സുനിൽ ഛേത്രി നയിക്കുന്ന സംഘത്തിലെ പ്രതിരോധത്തിലെ കാവൽക്കാരൻ സീനിയർ ടീമംഗം സന്ദേശ് ജിങ്കനാണ്. അണ്ടർ 23 താരങ്ങൾ അണിനിരക്കുന്ന ടൂർണമെന്റിലെ മലയാളിസാന്നിധ്യമാണ് കെ പി രാഹുലും അബ്ദുൽ റബീഹും. 21ന് ബംഗ്ലാദേശുമായാണ് അടുത്ത കളി. 24ന് മ്യാൻമറിനെയും ഇന്ത്യ നേരിടും.
അതേസമയം, വിസാ പ്രശ്‌നങ്ങളാൽ പ്രതിരോധതാരങ്ങളായ കൊൻസാം ചിങ്ളെൻസന സിങ്ങും ലാൽചുങ്നുൻഗയും ടീമിനൊപ്പം ചേർന്നിട്ടില്ല.രണ്ടു ദിവസത്തിനകം ഇവര്‍ ടീമിനൊപ്പം ചേരും. ചൈനയ്‌ക്കെതിരെ ഛേത്രിയും ജിങ്കനും കളിക്കില്ലെന്ന് പരിശീലകൻ ഇഗോർ സ്റ്റിമാകും അറിയിച്ചു. രണ്ടാഴ്ച മുമ്പ് മാത്രമാണ് ഛേത്രി പരിശീലനം തുടങ്ങിയത്. അവസാന രണ്ട് മത്സരങ്ങളിൽ ഇരുവരും കളിക്കും.
സ്വന്തം തട്ടകത്തിൽ ചൈന കരുത്തരാണ്. 2002ലെ ബുസാൻ ഏഷ്യൻ ഗെയിംസിലാണ് അവസാനമായി ഇരു ടീമുകളും ഏറ്റുമുട്ടിയത്. ബൈചുങ് ബൂട്ടിയ, ജോപോൾ അഞ്ചേരി, നിലവിലെ സഹപരിശീലകൻ മഹേഷ് ഗാവ്ലി എന്നിവരുൾപ്പെട്ട ഇന്ത്യൻ നിര അന്ന് രണ്ട് ഗോളിന് തോറ്റു. ആറ് ഗ്രൂപ്പുകളിലെയും ആദ്യ രണ്ട് സ്ഥാനക്കാരും മികച്ച നാല് മൂന്നാംസ്ഥാനക്കാരും പ്രീ ക്വാർട്ടറിലേക്ക് മുന്നേറും.
















Comments