ന്യൂഡൽഹി: കോൺഗ്രസ് ഒരിക്കലും ബില്ല് പാസാക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് വനിതാ സംവരണ ബില്ലിനെതിരായുള്ള എംപി കപിൽ സിബലിന്റെ ആരോപണത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ലോക്സഭയിൽ അവതരിപ്പിച്ച വനിതാ സംവരണ ബില്ലിൽ നിന്ന് രാഷ്‌ട്രീയ നേട്ടമുണ്ടാക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയത്. ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം വിഷയത്തോട് പ്രതികരിച്ചത്.
‘2008-ൽ കോൺഗ്രസ് സർക്കാർ കരട് നിയമനിർമ്മാണം അവതരിപ്പിക്കുമ്പോൾ കപിൽ സിബൽ നിയമമന്ത്രിയായിരുന്നു. അന്നത്തെ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഒരിക്കലും ബില്ല് പാസാക്കാൻ ആഗ്രഹിച്ചിരുന്നില്ല. ഇങ്ങനെയൊരു നിയമം കൊണ്ടുവരുമെന്ന് നടിക്കുക മാത്രമാണ് അവർ ചെയ്തത്. 2008-ൽ ബിൽ അവതരിപ്പിച്ചു. ഒരു വർഷത്തിന് ശേഷം പൊതുതിരഞ്ഞെടുപ്പിലേക്ക് രാജ്യം കടന്നു. എന്നാൽ നിയമം പാസാക്കുന്നതിന് പകരം കരട് നിയമനിർമാണം സ്റ്റാൻഡിംഗ് കമ്മിറ്റിയ്‌ക്ക് അയക്കുകയാണ് അവർ ചെയ്തത്’ അദ്ദേഹം വ്യക്തമാക്കി.
‘കോൺഗ്രസ് അന്നും സ്ത്രീകൾക്ക് സംവരണം നൽകാൻ ഉദ്ദേശിച്ചിരുന്നില്ല. ഇപ്പോഴും ഉദ്ദേശിക്കുന്നുമില്ല. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സ്ത്രീകൾക്ക് സംവരണം നൽകുകയോ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ വനിതാ സംവരണ വിഷയത്തിൽ എന്തെങ്കിലും പുരോഗതി ഉണ്ടാക്കുകയോ ചെയ്തിട്ടില്ല. രാജീവ് ഗാന്ധിയുടെ കാലത്തും സ്ത്രീകൾക്ക് സംവരണം ഉണ്ടായിരുന്നില്ലെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.
















Comments