എറണാകുളം: 11 വയസുകാരിയായ മകളെ സമൂഹ മാദ്ധ്യമത്തിലൂടെ വിൽപനയ്ക്കു വെച്ച സംഭവത്തിൽ പ്രതി രണ്ടാനമ്മയെന്ന് പോലീസ്. സൈബർ സെല്ലിന്റെ അന്വേഷണത്തിലാണ് പോസ്റ്റിട്ടത് രണ്ടാനമ്മയാണെന്ന് തെളിഞ്ഞത്. പെൺകുട്ടിയുടെ അച്ഛനുമായുള്ള വഴക്കിനെ തുടർന്നാണ് ഇത്തരത്തിൽ പോസ്റ്റിട്ടതെന്ന് യുവതി പോലീസിനോട് പറഞ്ഞു.
രണ്ടു ദിവസം മുമ്പാണ് ‘മകൾ വിൽപനയ്ക്ക്’ എന്ന ഫേസ്ബുക്ക് പോസ്റ്റ് ആളുകളുടെ ശ്രദ്ധയിൽ പെടുന്നത്. തുടർന്ന് നാട്ടുകാർ പോലീസിൽ പരാതിപെടുകയായിരുന്നു. ഫോണിന്റെ ഐപി ഐഡി ഉപയോഗിച്ച് പോലീസ് അന്വേഷണം നടത്തുകയും പിതാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിൽ നിന്നുമാണ് പിതാവ് സമൂഹ മാദ്ധ്യമങ്ങൾ ഉപോയോഗിക്കാറില്ലെന്ന് തെളിയുന്നത്. തുടർന്ന് സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ രണ്ടാനമ്മയാണ് പോസ്റ്റിട്ടതെന്ന് വ്യക്തമായി. പെൺകുട്ടിയുടെ പിതാവുമായുള്ള വഴക്കിനെ തുടർന്നുണ്ടായ പ്രകോപനമാണ് ഇത്തരത്തിൽ പോസ്റ്റിടാൻ കാരണമെന്ന് യുവതി സമ്മതിച്ചു.
6 മാസം പ്രായമുള്ള കുട്ടിയുടെ അമ്മ കൂടിയാണ് പ്രതിയായ യുവതി. കുഞ്ഞുമായി ഇവരെ ജയിലേക്ക് വിടുന്നത് വെല്ലുവിളിയുർത്തുന്നതാണെന്നും ഇതിനായി ഉയർന്ന ഉദ്യോഗസ്ഥരുടെ ഉപദേശം തേടിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാവും യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തുക. അതേസമയം അമ്മ ഉപേക്ഷിച്ചു പോയ 11 വയസുകാരിയെ കൗൺസിലിംഗിന് വിധേയമാക്കുമെന്നും പോലീസ് അറിയിച്ചു.
Comments