ന്യൂഡൽഹി: വനിതാ സംവരണ ബിൽ സംബന്ധിച്ച് എല്ലാ ദിവസവും പാർലമെന്റ് ചർച്ചകൾ നടക്കുമെന്ന് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന സമ്മേളനം വൈകുന്നേരം ആറ് മണി വരെ തുടരാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് ലോക്‌സഭയിൽ നടക്കാനിരിക്കുന്ന ചർച്ചയ്‌ക്ക് മുന്നോടിയായി മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
വനിതാ സംവരണ ബില്ലിന് രാഷ്‌ട്രീയവുമായി യാതൊരു ബന്ധവുമില്ല. വനിതാ സംവരണ ബില്ല് പാസാകുന്നതോടെ ലോക്സഭയിലെ വനിതകളുടെ സീറ്റുകളുടെ എണ്ണം 181 ആയി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ പാർലമെന്റ് മന്ദിരത്തിൽ നടന്ന ആദ്യ സമ്മേളനത്തിലാണ് അർജുൻ റാം മേഘ്‌വാൾ വനിതാ സംവരണ ബില്ല് അവതരിപ്പിച്ചത്. കേന്ദ്രം അവതരിപ്പിച്ച വനിതാ സംവരണ ബിൽ സഭാനടപടികൾക്ക് ശേഷം ചർച്ച ചെയ്യും. 128-ാം ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിലും എല്ലാ സംസ്ഥാന അസംബ്ലികളിലും 33 ശതമാനം സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.
‘സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം എന്ന ഞങ്ങളുടെ ദൃഢനിശ്ചയം കൊണ്ട് കേന്ദ്ര സർക്കാർ സുപ്രധാനമായ ഒരു ഭരണഘടനാ ഭേദഗതി ബിൽ കൊണ്ടുവരികയാണെന്ന് പ്രധാനമന്ത്രി പാർലമെന്റ് സമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തിന്റെ വികസന പ്രക്രിയയിൽ കൂടുതൽ സ്ത്രീകൾ പങ്കാളികളാകണമെന്ന് സർക്കാർ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















Comments