ന്യൂഡൽഹി: പാർലമെന്റിൽ പ്രഖ്യാപിച്ച വനിതാ സംവരണ ബിൽ ഒരു ചരിത്ര നടപടിയാണെന്ന് ബിജെപി എംപി രവിശങ്കർ പ്രസാദ്. പ്രതിപക്ഷം ഇത് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. വനിതാ സംവരണ ബില്ലിനെ കുറിച്ച് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് രവിശങ്കർ പ്രസാദ് ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കിടയിലാണ് അദ്ദേഹം പ്രതികരിച്ചത്.
‘ഇതൊരു ചരിത്രപരമായ നടപടിയാണ്. മറ്റ് സർക്കാരുകൾക്ക് ചെയ്യാൻ കഴിയാത്തത് പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാർ ചെയ്തു. ഭരണഘടന ഭേദഗതി ചെയ്ത ശേഷം എടുക്കുന്ന നയാധിഷ്ഠിത തീരുമാനമാണിത്. ഈ സംവരണം അടിസ്ഥാനപരമായി നടപ്പിലാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. അതിനനുസരിച്ചുള്ള നടപടിക്രമവും ഭരണഘടനയിൽ പറഞ്ഞിട്ടുണ്ട്’അദ്ദേഹം പറഞ്ഞു.
കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാളാണ് വനിതാ സംവരണ ബിൽ അവതരിപ്പിച്ചത്. ഭരണഘടനയുടെ 128-ാം ഭേദഗതിയായാണ് ബിൽ അവതരിപ്പിച്ചത്. പാർലമെന്റിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സംവരണം നൽകുന്നതാണ് ബിൽ. പുതിയ പാർലമെന്റ് മന്ദിരത്തിൽ ചേർന്ന് ആദ്യ ലോക്‌സഭാ സമ്മേളനത്തിലാണ് ബിൽ പ്രഖ്യാപിച്ചത്.
















Comments