ന്യൂഡൽഹി: വനിത സംവരണ ബിൽ പാസാക്കിയതിൽ സന്തോഷം പങ്കുവെച്ച് കേന്ദ്ര വനിതാ-ശിശു ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി. കോടിക്കണക്കിന് സ്ത്രീകൾ കാത്തിരുന്ന ഈ ബില്ല് പാസാക്കുന്നത് പോലെ മറ്റെന്ത് മഹത്തായ മാർഗമാണ് പാർലമെന്ററിയനുള്ളത്. പുതിയ പാർലമെന്ററി ഇന്നിംഗ്‌സിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. പുതുചരിത്രമെഴുതി വനിതാ സംവരണ ബിൽ ലോക്‌സഭയിൽ പാസാക്കിയതിന് പിന്നാലെയാണ് മന്ത്രിയുടെ പരാമർശം.
ലോക്‌സഭയിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സീറ്റ് ഉറപ്പാക്കുന്ന ബിൽ ആണ് 454 പേരുടെ പിന്തുണയോടെ ലോക്‌സഭ പാസാക്കിയത്. എട്ട് മണിക്കൂർ ചർച്ചെയ്‌ക്കൊടുവിലാണ് ബിൽ പാസാക്കിയത്. 454 എംപിമാർ ബില്ലിനെ അനുകൂലിച്ചും 2 എംപിമാർ എതിർത്തും വോട്ട് ചെയ്തു. സ്ലിപ് നൽകിയാണ് ബില്ലിൻമേൽ വോട്ടെടുപ്പ് നടത്തിയത്. വോട്ടെടുപ്പിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയിലെത്തിയിരുന്നു. ബിൽ നാളെ രാജ്യസഭ പരിഗണിക്കും. ‘നാരി ശക്തി വന്ദൻ അധിനിയം’ എന്നാണ് ബില്ലിന് പേരിട്ടിരിക്കുന്നത്. വനിതാ സംവരണ ബിൽ ആദരവിന്റെ അടയാളവും പുതിയ യുഗത്തിന്റെ തുടക്കവുമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
















Comments