ന്യൂഡൽഹി: വനിതാ സംവരണ ബിൽ (നാരീ ശക്തി അധിനിയം) ലോക്‌സഭയിൽ പാസായി. രണ്ടുവോട്ടുകൾക്കെതിരെ 454 വോട്ടുകൾക്കാണ് ബിൽ പാസായത്. അസദുദ്ദീൻ ഒവൈസിയും ഇംത്യാസ് ജലീലും ബില്ലിനെ എതിർത്ത് വോട്ടുചെയ്തു. സ്ലിപ്പിലുടെയാണ് ബില്ലിൽ വോട്ടെടുപ്പ് നടന്നത്. ബിൽ നാളെ രാജ്യസഭയിൽ അവതരിപ്പിക്കും.
തങ്ങൾ ബില്ലിനെ എതിർക്കുമെന്ന് ഒവൈസി നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരാമർശം അദ്ദേഹം ലോക്‌സഭയിൽ ആവർത്തിച്ചു. മുസ്ലീം സ്ത്രീകൾക്കുള്ള പ്രാതിനിധ്യം ബില്ലിൽ പാരമർശിക്കുന്നില്ലെന്നും അതിനാൽ ബില്ലിനെ എതിർക്കുന്നുവെന്നും ഒവൈസി പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പുകളിലും മൂന്നിൽ ഒരു ഭാഗം സീറ്റുകൾ സ്ത്രീകൾക്കുവേണ്ടി നീക്കി വെക്കുക എന്ന ലക്ഷ്യത്തിലാണ് ഈ ബിൽ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യ ബില്ലായാണ് വനിതാ സംവരണ ബിൽ അവതരിപ്പിച്ചത്.
വനിതാ സംവരണം നിലവിൽ വരുന്നതോടെ ലോക്സഭയിലെ വനിതാ എം.പിമാർക്ക് 33 ശതമാനം സംവരണം ലഭിക്കും. അതായത് ചുരുങ്ങിയത് 181 വനിതാ എംപിമാർ ലോക്‌സഭയിൽ ഉണ്ടാകും. ബിൽ പ്രകാരം പട്ടിക ജാതി-വർഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റ് ആ വിഭാഗങ്ങളിൽനിന്നുള്ള സ്ത്രീകൾക്കായി മാറ്റിവെക്കണം.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പിലാകില്ല. മണ്ഡല പുനഃനിർണയത്തിന് ശേഷം മാത്രമേ വനിതാ സംവരണം നടപ്പാക്കൂ എന്നാണ് ബില്ലിലെ വ്യവസ്ഥ. വനിതാ സംവരണ ബില്ലിലൂടെ സംസ്ഥാന-ദേശീയ തലങ്ങളിൽ സ്ത്രീകൾക്ക് കൂടുതൽ പങ്കാളിത്തം നൽകും.















