ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും വനിതകൾക്ക് 33 ശതമാനം സംവരണം നൽകുന്ന വനിത സംവരണ ബില്ലിൽ രാജ്യസഭയിൽ ചർച്ച ഇന്ന് ആരംഭിക്കും. ലോക്‌സഭയിൽ ബില്ലിനെ പ്രതിപക്ഷ എംപിമാർ ഉൾപ്പെടെ അംഗീകരിച്ചതോടെ രാജ്യസഭയിലും ബിൽ പാസാകാനാണ് സാദ്ധ്യത. വനിതാ സംവരണ ബിൽ (നാരീ ശക്തി അധിനിയം) ഇന്നലെ ലോക്സഭയിൽ പാസായി. രണ്ടുവോട്ടുകൾക്കെതിരെ 454 വോട്ടുകൾക്കാണ് ബിൽ പാസായത്. അസദുദ്ദീൻ ഒവൈസിയും ഇംത്യാസ് ജലീലുംമാണ് ബില്ലിനെ എതിർത്ത് വോട്ടുചെയ്തത്. സ്ലിപ്പിലുടെയാണ് ബില്ലിൽ വോട്ടെടുപ്പ് നടന്നത്. ഭരണഘടന ഭേദഗതിക്ക് പിന്നാലെ സെൻസസിനെ അടിസ്ഥാനമാക്കി മണ്ഡല പുനക്രമീകരണം നടന്നാലെ ബിൽ നിയമമാകൂ. അതിനാൽ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വനിതാ സംവരണം ഉണ്ടാകില്ല.
നിയമനിർമ്മാണത്തിലെ ചരിത്രപരമായ ഏടാണ് നാരീ ശക്തി വന്ദൻ അധിനിയം. സ്ത്രീ ശാക്തീകരണത്തെ ത്വരിതപ്പെടുത്താനും രാഷ്‌ട്രീയ പ്രക്രിയയിൽ സ്ത്രീകളുടെ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കാനും ബിൽ വഴി സാധിക്കുമെന്നാണ് ബിൽ പാസാക്കിയതിന് ശേഷം പ്രധാനമന്ത്രി പറഞ്ഞത്. ബിൽ സ്ത്രീകളുടെ അന്തസ്സും അവസര ലഭ്യതയും സമത്വവും ഉയർത്തുമെന്നും സ്ത്രീകൾക്ക് പ്രാതിനിധ്യം ലഭിക്കുമെന്നുമുള്ള ആമുഖത്തോടെയായിരുന്നു കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്വാൾ ബില്ല് അവതരിപ്പിച്ചത്.















