ന്യൂഡൽഹി: പ്രീ-ബജറ്റ് മീറ്റിംഗുകൾ ഒക്‌ടോബർ 10 മുതൽ ആരംഭിക്കുമെന്ന് ധനമന്ത്രാലയം. ഒരു മാസം നീണ്ടുനിൽക്കുന്ന യോഗം നവംബർ 14 വരെയാണ് തുടരാൻ തീരുമാനിച്ചിരിക്കുന്നത്. 2024-25 ലെ വാർഷിക ബജറ്റ് തയ്യാറാക്കുന്നതിന് മുന്നോടിയായാണ് യോഗം നടക്കുക. ധനകാര്യ സെക്രട്ടറിയുടെയും എക്‌സ്‌പെൻഡിച്ചർ സെക്രട്ടറിയുടെയും അദ്ധ്യക്ഷതയിലാണ് യോഗം ചേരുന്നത്.
എല്ലാ മന്ത്രാലയങ്ങളും വകുപ്പുകളും ആവശ്യമായ വിശദരേഖകൾ ഒക്ടോബർ 5-നകം സമർപ്പിക്കണമെന്ന് ധനമന്ത്രാലയം നിർദ്ദേശിച്ചു. വിവിധ ആവശ്യങ്ങൾ കണക്കിലെടുത്ത് പ്രീ-ബജറ്റ് മീറ്റിംഗുകളുടെ സമയക്രമങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്നും ഉടൻ പ്രഖ്യാപിക്കുമെന്നും ധനമന്ത്രാലയം അറിയിച്ചു. 2024-25 ലെ ബജറ്റ് കണക്കുകൾ വിലയിരുത്തിയ ശേഷം യോഗം താത്ക്കാലികമായി അന്തിമമാക്കും.
അടുത്ത വർഷം ആദ്യം ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഇടക്കാല ബജറ്റായിരിക്കും അവതരിപ്പിക്കുക. ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനാണ് സാധ്യത. പുതിയ സർക്കാർ രൂപീകരിച്ചതിന് ശേഷം 2025 സാമ്പത്തിക വർഷത്തിലേക്കുള്ള സമ്പൂർണ ബജറ്റ് അവതരിപ്പിക്കും. ധനമന്ത്രി നിർമ്മല സീതാരാമന്റെ ആറാമത്തെ ബജറ്റാണിത്.















